കൊച്ചി: ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമിയുടെ ലിംഗം ഛേദിച്ച കേസില്‍ യുവതിയെ അന്യായ തടങ്കലിലാക്കിയതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് യുവതിയുടെ കാമുകന്‍ ഹൈക്കോടതിയില്‍. യുവതിയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഹൈക്കോടതിയില്‍ ഹാജരാക്കി മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് കാമുകന്‍ കൊട്ടാരക്കര തൃക്കണ്ണമംഗലം അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. ചില സംഘപരിവാര്‍ നേതാക്കളും ഗണേശാനന്ദയുടെ അഭിഭാഷകനും യുവതിയെ അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചു. യുവതിയെ നെടുമങ്ങാട് നെട്ടാരച്ചിറയില്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നുവെന്നുമാണ് അയ്യപ്പദാസിന്റെ ആരോപണം. പൊലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയില്‍ യുവതി, താന്‍ തന്നെയാണ് സ്വാമിയുടെ ലിംഗം ഛേദിച്ചതെന്ന് പറയുന്നുണ്ട്. എന്നാല്‍ അന്യായ തടങ്കലില്‍ ആയശേഷം ഗണേശാനന്ദയുടെ അഭിഭാഷകനെഴുതിയ കത്തിലും അഭിഭാഷകനുമായി നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണത്തിലും സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന് വരുത്താന്‍ ശ്രമിക്കുകയാണെന്ന് അയ്യപ്പദാസ് വ്യക്തമാക്കുന്നു. സംഘപരിവാര്‍ നേതാക്കളും അഭിഭാഷകനും അടങ്ങുന്ന സംഘത്തിന്റെ ഗൂഢാലോചനയിലാണ് യുവതി തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും യുവതിയെ മോചിപ്പിച്ച് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. യുവതിയെ സ്വതന്ത്രമാക്കിയാല്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്നും അയ്യപ്പദാസ് ബോധിപ്പിച്ചു. യുവതിയുടെ മൊബൈല്‍ സംഭാഷണവും അഭിഭാഷകനയച്ച കത്തും സംശയാസ്പദമാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.യുവതിയെ അന്യായ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും പൊലീസ് നിസഹായത പ്രകടിപ്പിക്കുകയാണെന്നും കോടതി ഇടപെടണമെന്നും അയ്യപ്പദാസ് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ.എം ഷെഫീക്കും അനു ശിവരാമനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് 26 ന് പരിഗണിക്കും.