തിരൂര്‍: എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിന് എതിരെ കോടികളുടെ നിക്ഷേപത്തട്ടിപ്പ് പരാതിയില്‍ തിരൂര്‍ പൊലീസ് കേസെടുത്തു. തിരൂര്‍ നഴ്‌സിങ് ഹോം ഉടമ ഡോ. അബ്ദുല്‍ നാസര്‍ തിരൂര്‍ പൊലീസ് സ്‌റ്റേഷനിലും ഫറോക്ക് കോയാസ് ആശുപത്രിയിലെ ഡോ. സിവി സലീം കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷനിലും ഫസല്‍ ഗഫൂറിനെതിരെ പരാതി നല്‍കിയിരുന്നു.
ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കോഴിക്കോട് മിനി ബൈപ്പാസില്‍ സംയുക്ത സംരംഭമായി എംഇഎസുമായി ചേര്‍ന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാം എന്ന് പ്രലോഭിപ്പിച്ചും എംഇഎസ് എന്ന സംഘടനയുടെ പൂര്‍ണ ഗ്യാരണ്ടി ഉറപ്പു നല്‍കിയും 46 നിക്ഷേപകരില്‍ നിന്നായി 2013 മുതല്‍ കോടികളുടെ നിക്ഷേപം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി.
പദ്ധതിയിലേക്ക് ഡോ. നാസര്‍ 13.63 ലക്ഷം രൂപയും ഡോ സലീം 26 ലക്ഷവും നല്‍കി. ഇതുകൂടാതെ പലരില്‍ നിന്നുമായി 28 കോടി രൂപ സമാഹരിച്ചെന്നും പരാതിയില്‍ പറയുന്നു.