കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഷപ്പിന്റെ സഹായിക്കെതിരെ കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനായ തോമസ് ചാട്ടുപറമ്പിലിനെതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പൊലീസിന് പരാതി നല്‍കിയത്.
കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവെക്കാനും ഇയാള്‍ നിര്‍ദേശം നല്‍കിയെന്നാണ് മഠത്തിലെ ജീവനക്കാരന്‍ വെളിപ്പെടുത്തിയത്.
കന്യാസ്ത്രീയുടെ സഹോദരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും തോമസ് ചാട്ടുപറമ്പിലിനെതിരെ കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഷപ്പിനൊപ്പം കന്യാസ്ത്രീയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം സമീപിച്ചതായും സഹോദരി പറഞ്ഞു.
കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്നുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം ഫോണിലൂടെ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നെന്നും അന്ന് അത് കാര്യമാക്കിയിരുന്നില്ലെന്നും സഹോദരി പരാതിയില്‍ പറയുന്നു.