ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ സ്ഥാപകനായ അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ ചാനല്‍. മോഷണക്കുറ്റമാണ് ടൈംസ് നൗവിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ അര്‍ണബിനെതിരെ ആരോപിച്ചിരിക്കുന്നത്. പകര്‍പ്പാവകാശ ലംഘനത്തിന്റെ പേരിലാണ് കേസ്.
അര്‍ണബിനെക്കൂടാതെ ടൈംസ് നൗവിലെ മുന്‍ ജീവനക്കാരിയായിരുന്ന പ്രേമ ശ്രീദേവിക്കെതിരേയും കേസുണ്ട്. മുംബൈയിലെ ആസാദ് മൈദാന്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സെക്ഷന്‍ 378,379,403,405,406,409,411, 414,418 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ 66-B, 72,ഐ.ടി ആക്ടിലെ 72-A തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
മോഷണം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വസ്തുതകളുടെ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ചാനല്‍ സംപ്രേഷണം ചെയ്തതിന് ശേഷം പുറത്തുവിട്ട രണ്ട് വാര്‍ത്തകള്‍ ടൈംസ് നൗവ്വിലായിരിക്കുമ്പോള്‍ എടുത്തതായിരുന്നുവെന്നും വാര്‍ത്തകള്‍ സ്വന്തം ചാനലില്‍ ഉപയോഗിച്ചുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അര്‍ണബ് ടൈംസ് നൗവ്വില്‍ നിന്നും പുറത്തുപോകുന്നത്.