പത്തനാപുരം: കാറിന് സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് എം.എല്‍.എയെ മര്‍ദിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയ അനന്തകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗണേഷ്‌കുമാറിന്റെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
അനന്തകൃഷ്ണനു പുറമെ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എം.എല്‍.എയുടെ പി.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച ഗണേഷ്‌കുമാറിനും ഡ്രൈവര്‍ക്കുമെതിരെ നിസാര കുറ്റങ്ങളാണ് ചുമത്തിയത്. കൈ കൊണ്ട് മര്‍ദിച്ചുവെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.
കാറിന്റെ ലിവര്‍ ഉപയോഗിച്ച് അനന്തകൃഷ്ണന്‍ തന്നെ ആക്രമിച്ചുവെന്നാണ് പി.എ പരാതി നല്‍കിയിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ എം.എല്‍.എയുടെ സ്വാധീനം കൊണ്ടാണ് തങ്ങള്‍ക്കെതിരെ ഇത്ര വലിയ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്തതെന്ന് അനന്തകൃഷ്ണന്റെ അമ്മ ആരോപിച്ചു.
മരണ വീട്ടില്‍ പോയി മടങ്ങുന്ന താന്‍ ലിവറുമായല്ല പോകുന്നതെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ ഗണേഷ്‌കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.