X

ആലുവയില്‍ യുവാവിന് മര്‍ദ്ദനം: നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു

ആലുവ: ആലുവയില്‍ യുവാവിന് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി. എടത്തല പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐ പുഷ്പരാജ്, അഫ്‌സല്‍, ദിലീഷ് മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ കൈയേറ്റം ചെയ്തതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്. മൂന്ന് വകുപ്പുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മര്‍ദ്ദിക്കല്‍, വാഹനത്തില്‍ കയറ്റി കൊണ്ടു പോകല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് പൊലീസുകാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഉസ്മാന്റെ കവിളെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളെ ഐ.സി.യുവിലേക്ക് മാറ്റി.

ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ വച്ചാണ് മഫ്തിയില്‍ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കാര്‍ ഉസ്മാന്റെ ബൈക്കില്‍ ഇടിക്കുന്നത്. ഇത് ചോദ്യം ചെയ്ത ഉസ്മാനെ കാറിലുണ്ടായിരുന്ന പൊലീസുകാര്‍ മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. കാറില്‍ വച്ചും പിന്നീട് സ്‌റ്റേഷനിലെത്തിച്ചും ഉസ്മാനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് പരാതിയുണ്ട്. സംഭവം വിവാദമായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.

chandrika: