ചെന്നൈ: ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. നടനും മറ്റ് ചിലരും ചേര്‍ന്ന് ഗൂഢാലോചന നടത്തി തനിക്ക് 21 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നു കാണിച്ച് മുരളീധരന്‍ എന്ന വ്യക്തിയാണ് ഹൃത്വിക് റോഷനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ ചെന്നൈ പൊലീസ് വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തു.
എച്ച്ആര്‍എക്‌സ് എന്ന ബ്രാന്റ് നാമത്തില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുന്നതിന് ഗുഡ്ഗാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി തന്നെ സ്റ്റോകിസ്റ്റ് ആയി നിയമിച്ചു. എന്നാല്‍ പതിവായി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തന്റെ അറിവില്ലാതെ തന്നെ മാര്‍ക്കറ്റിങ് ടീമിനെ പിരിച്ചുവിട്ടുവെന്നും മുരളീധരന്റെ പരാതിയില്‍ ആരോപിക്കുന്നു.
വില്‍പന തടസ്സപ്പെട്ടതോടെ ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്ന അവസ്ഥയുണ്ടായി. ഇത്തരത്തില്‍ കെട്ടികിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരിച്ച് അയച്ചുവെങ്കിലും അതിന്റെ പണം മടക്കി നല്‍കാന്‍ എതിര്‍കക്ഷികള്‍ തയാറായില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇവക്കു പുറമെ ഗോഡൗണ്‍ വാടക, ജീവനക്കാര്‍ക്ക് ശമ്പളം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെ 21 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മുരളീധരന്‍ പരാതിയില്‍ പറയുന്നു.
എന്നാല്‍ ചുരുക്കം ചില ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് അംബാസഡര്‍ മാത്രമാണ് താനെന്നും ഹൃത്വിക് റോഷന്‍ പ്രതികരിച്ചു.