X

പാര്‍ലമെന്റിനെ കൊണ്ടുപോകുന്നത് എങ്ങോട്ട്-എഡിറ്റോറിയല്‍

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ അവസാനിക്കുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് പ്രസക്തി ഏറിയിരിക്കുന്നു. നവംബര്‍ 29ന് തുടങ്ങിയ സമ്മേളനം ചില അശുഭ സൂചനകള്‍ അവശേഷിപ്പിച്ചാണ് സമാപിച്ചിരിക്കുന്നത്. അതോടൊപ്പം കുറച്ചുനാളായി മുളപൊട്ടിക്കൊണ്ടിരിക്കുന്ന ചില സംശയങ്ങളും ആശങ്കകളും കൂടുതല്‍ ആഴത്തില്‍ വേരോടി തുടങ്ങിയിട്ടുമുണ്ട്. ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ജനവികാരങ്ങള്‍ കാറ്റില്‍ പറത്തിയും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും ഏകാധിപത്യ രീതിയില്‍ മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുറച്ച പോലെയുണ്ട് കാര്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രണ്ടാമൂഴത്തിലേക്ക് കാലെടുത്തു വെച്ചതുമുതല്‍ പാര്‍ലമെന്റിനെ കളിപ്പാവയാക്കി മാറ്റാനുള്ള ഗൂഢനീക്കങ്ങള്‍ സജീവമായിട്ടുണ്ട്. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് തുരങ്കംവെക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്് സമീപകാല പാര്‍ലമെന്റ് സമ്മേളനങ്ങളിലൂടെ രാജ്യത്തിന് ബോധ്യമായിട്ടുണ്ട്.

പതിവുപോലെ ശീതകാല സമ്മേളനവും നിരാശയാണ് സമ്മാനിച്ചത്. ആദ്യ ദിവസം മുതല്‍ പലവിധ വിവാദങ്ങളും പ്രശ്‌നങ്ങളും സഭയെ വേട്ടയാടി. വര്‍ഷകാല സമ്മേളന നടപടികള്‍ തടസപ്പെടുത്തിയെന്ന് ആരോപിച്ച് 12 പ്രതിപക്ഷ എം.പിമാരെ രാജ്യസഭയില്‍നിന്ന് സസ്‌പെന്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. സഭാനടപടികള്‍ തടസപ്പെടുത്തിയതിന് പ്രതിപക്ഷ എം.പിമാര്‍ മാപ്പുപറയണമെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിന്റെ ആവശ്യം. പക്ഷെ, ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിന്റെ പേരിലുള്ള സമരവും ബഹളങ്ങളും സമ്മേളനം തീരുന്നതുവരെ തുടരുകയും ചെയ്തു. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സമ്മേളനം തടസ്സപ്പെടുത്തുകയെന്നത് ഭരണപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. സഭാനടപടികള്‍ ശരിയായി നടന്നാല്‍ പലതിനും ഉത്തരം പറയേണ്ടിവരുമെന്നും സ്വന്തം ഇംഗിതങ്ങള്‍ക്ക് പാര്‍ലമെന്റിനെ കരുവാക്കാന്‍ സാധിക്കില്ലെന്നും മുന്‍കൂട്ടി കണ്ടായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്റ് ചെയ്ത് രാജ്യസഭയില്‍ കൃത്രിമ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തന്ത്രം കൂടിയായിരുന്നു അതെന്ന് ചുരുക്കം. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊല മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരം നടത്തിയ മനപ്പൂര്‍വ്വമുള്ള നരഹത്യയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പാര്‍ലമെന്റിനെ പിടിച്ചുകുലുക്കിയെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ തച്ചുകെടുത്തി പ്രതിപക്ഷത്തെ മൂലക്കിരുത്താനുള്ള ശ്രമങ്ങളാണ് സമ്മേളനത്തിലുടനീളം കണ്ടത്.

ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്ന് ഭരണപക്ഷത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. രാജ്യത്തെ നേരിട്ട് ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളും കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്തപ്പെട്ടു. എന്നാല്‍ വിവാദങ്ങളില്ലാത്ത പൊതുവിഷയങ്ങളില്‍ ചര്‍ച്ച മണിക്കൂറുകളോളം നീളുകയും ചെയ്തു. 14 മാസം നീണ്ട പ്രക്ഷോഭങ്ങള്‍ക്കും 750 കര്‍ഷകരുടെ മരണത്തിനും വഴിവെച്ച വിവാദ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച പോലുമില്ലാതെയാണ് പിന്‍വലിച്ചത്. ലോക്‌സഭയില്‍ രണ്ട് മിനിറ്റിനകവും രാജ്യസഭയില്‍ എട്ട് മിനിറ്റിനകവും പിന്‍വലിക്കല്‍ ബില്‍ പാസാക്കി. നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വോട്ടര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കാനും 26 മിനിറ്റിലധികം വേണ്ടിവന്നില്ല. എന്നാല്‍ മറ്റു ചില ബില്ലുകള്‍ക്ക് മണിക്കൂറുകളാണ് ചെലവിട്ടത്. ജഡ്ജിമാരുടെ ശമ്പള പരിഷ്‌കരണ ബില്‍ പാസാക്കിയത് ഒമ്പത് മണിക്കൂര്‍ ചര്‍ച്ച ചെയ്താണ്. ഡാം സുരക്ഷ ഉള്‍പ്പെടെയുള്ള ബില്ലുകളിലും ചര്‍ച്ചകള്‍ ഏറെ നീണ്ടു. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് 21 ആക്കുന്ന ബില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കിയാല്‍ പണികിട്ടുമെന്ന് മനസ്സിലാക്കി പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു.

വര്‍ഷകാല സമ്മേളനത്തിലും ബില്ലുകളില്‍ ചര്‍ച്ച അനുവദിച്ചില്ല. സര്‍ക്കാര്‍ അനുകൂലികളായ എം.പിമാരുടെ ചോദ്യങ്ങള്‍ മാത്രം അനുവദിച്ചും പ്രതിപക്ഷത്തിന്റേത് തിരസ്‌കരിച്ചും പാര്‍ലമെന്റില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയായിരുന്നു. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങളെ രാഷ്ട്രീയ മ്യൂസിയത്തിലേക്ക് മാറ്റി ലോകത്തെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ പിന്തുടര്‍ന്നാണ് ബി.ജെ.പി ഭരണകൂടം മുന്നോട്ടുപോകുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമാക്കി പാര്‍ലമെന്റിനെ തരംതാഴ്ത്താന്‍ നിരന്തര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തൊരു ഘട്ടത്തില്‍ പാര്‍ലമെന്റ് തന്നെ ആവശ്യമില്ലെന്ന് മോദി ചിന്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

Test User: