ലണ്ടന്‍: യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിനിലവാരം കൊണ്ടു മാത്രമല്ല, കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന്‍ പ്രതിഫലം കൊണ്ടുകൂടി ശ്രദ്ധേയമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക യൂറോപ്പിലെ പല ഫുട്‌ബോള്‍ താരങ്ങളും ഒറ്റ സീസണില്‍ സ്വന്തമാക്കും. പത്തോ പതിനഞ്ചോ വര്‍ഷം മാത്രം നീളുന്ന ആ കാലയളവില്‍ ലഭിക്കുന്ന സമ്പത്ത് പില്‍ക്കാല ജീവിതത്തിനു വേണ്ടി ഉപയോഗിക്കുകയാണ് സാധാരണ ഗതിയില്‍ കളിക്കാര്‍ ചെയ്യാറുള്ളത്.
എന്നാല്‍, ഇംഗ്ലണ്ടിനും ചെല്‍സി, വെസ്റ്റ്ഹാം, ആസ്റ്റന്‍വില്ല തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ചിരുന്ന കാള്‍ട്ടന്‍ കോളിനെ ലണ്ടനിലെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം കേട്ടത്. മികച്ച ഫോമില്‍ നില്‍ക്കുന്ന കാലത്ത് ആഴ്ചയില്‍ 30,000 പൗണ്ട് (28 ലക്ഷം രൂപ) സമ്പാദിച്ച താരം 34-ാം വയസ്സില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചത്. ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് ഇംഗ്ലീഷ് താരത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച കോടതി പാപ്പരായി പ്രഖ്യാപിച്ചത്.
സാമ്പത്തിക കാര്യങ്ങളില്‍ യുവ കളിക്കാര്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതിന്റെ അനിവാര്യതയാണ് തന്റെ ജീവിതം ബോധ്യപ്പെടുത്തുന്നതെന്ന് കാള്‍ട്ടന്‍ കോള്‍ പറഞ്ഞു: ‘ആരു പറയുന്നതാണ് കേള്‍ക്കേണ്ടത്, ആരില്‍ നിന്നാണ് ഉപദേശം സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാന്‍ യുവ ഫുട്‌ബോളര്‍മാര്‍ക്ക് എന്റെ കഥ പാഠമാകുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവസാന ഘട്ടത്തില്‍ മാത്രമാണ് എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞത്. കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരുന്നു.’ താരം കോടതിയില്‍ പറഞ്ഞു.
ചെല്‍സിയിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ച കോള്‍ ചെല്‍സി, ചാള്‍ട്ടന്‍, ആസ്റ്റന്‍വില്ല, വെസ്റ്റ്ഹാം തുടങ്ങിയ ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കുകയും പ്രീമിയര്‍ ലീഗില്‍ 51 ഗോളുകള്‍ നേടുകയും ചെയ്തു. ഇന്തൊനേഷ്യയിലെ പെര്‍സിബ് ബാന്ദുങിനു വേണ്ടിയാണ് താരം അവസാനമായി കളിച്ചത്.
സാമ്പത്തികമായി കാള്‍ട്ടന്‍ കോള്‍ തകരാനുണ്ടായ കാരണത്തിന്റെ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ താരം വ്യക്തമാക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നതിനു വേണ്ടി കിഴക്കന്‍ ലണ്ടനില്‍ സിസിട്വല്‍വ് ഫുട്‌ബോള്‍ അക്കാദമി കോള്‍ ആരംഭിച്ചിട്ടുണ്ട്. ഏഴു മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും പ്രൊഫഷണല്‍ അക്കാദമികള്‍ക്കെതിരെ കളിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയാണ് അക്കാദമിയുടെ ലക്ഷ്യം.