ലണ്ടന്‍: കാറല്‍ മാര്‍ക്‌സിന്റെ പൊട്ടിപ്പൊളിഞ്ഞ യഥാര്‍ത്ഥ കല്ലറ കണ്ടെത്തിയതായി നാഷണല്‍ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗം എഡിറ്റര്‍ റൂബിന്‍ ഡിക്രൂസ്. ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക്‌സിന്റേതെന്നു ലോകം അറിയുന്ന കല്ലറക്കു സമീപമാണ് യഥാര്‍ത്ഥ കല്ലറ സ്ഥിതി ചെയ്യുന്നത്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം ചെയ്ത പ്രിയതമ ജെന്നി വെസ്റ്റ്ഫാലിന്റെ കല്ലറയില്‍ തന്നെയാണ് മാര്‍ക്‌സിനെയും അടക്കിയിരിക്കുന്നത്. 1883 മാര്‍ച്ച് 14നാണ് കാറല്‍ മാര്‍ക്‌സ് അന്തരിച്ചത്. ജെന്നിയുടെ മരണത്തിനു ശേഷം രോഗബാധിതനായ മാര്‍ക്‌സ് മാസങ്ങള്‍ കിടപ്പിലായിരുന്നു. തുടര്‍ന്ന് ബ്രൊങ്കൈറ്റിസിന്റെ രൂപത്തില്‍ മരണമെത്തി. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമടക്കം പത്തോളം പേര്‍ മാത്രമാണ് ലണ്ടനില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ജെന്നിയുടെ കല്ലറയില്‍ തന്നെ അടക്കണമെന്നത് മാര്‍ക്‌സിന്റെ ആഗ്രഹമായിരുന്നുവെന്നാണ് വിവരം.
ജനസംഖ്യാ പെരുപ്പത്തില്‍ ലണ്ടന്‍ നഗരത്തിനുള്ളിലെ ശവകല്ലറകള്‍ക്കു പകരം സ്വകാര്യകല്ലറക്കു അനുമതി നല്‍കി പാര്‍ലമെന്റ് നിയമം പാസാക്കിയതോടെയാണ് മാര്‍ക്‌സിന്റെ ഭൗതികാവശിഷ്ടം പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനമായത്. എന്നാല്‍ പഴയ കല്ലറ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് ഇപ്പോഴുള്ളതെന്ന് റൂബിന്‍ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലണ്ടന്‍ സെമിത്തേരി കമ്പനിയുടെ ഹൈഗേറ്റ് സെമിത്തേരിക്ക് മാര്‍ക്‌സിന്റെ ശവകുടീരത്തിലേക്കുള്ള സന്ദര്‍ശകരാണ് പ്രധാനവരുമാനമെന്നിരിക്കെ പഴയ ശമ്ശാനം ഇന്നും അനാഥമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
റൂബിന്‍ ക്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:
1883 മാർച്ച് 14ന് കാൾ മാർക്സ് അന്തരിച്ചു. ഇവിടെ, പതിനഞ്ച് മാസം മുമ്പ് പ്രിയ ഭാര്യ ജെന്നിയെ അടക്കിയ അതേ കല്ലറയിലാണ് മാർക്സിനെയും അടക്കം ചെയ്തത്.
അവിടെ കൂടിയ ചെറിയ ആൾക്കൂട്ടത്തോട് ഫ്രെഡറിക് ഏംഗൽസ് പറഞ്ഞു, “ഈ പതിനാലിന് ഉച്ചക്ക് രണ്ടേമുക്കാലോടെ ഇന്ന് ജീവിച്ചിരുന്ന ഏറ്റവും വലിയ ചിന്തകൻ ചിന്തിക്കുന്നത് നിറുത്തി… യൂറോപ്പിലെയും അമേരിക്കയിലെയും സമരോത്സുകകരായ തൊഴിലാളികൾക്കും ശാസ്ത്രീയ ചരിത്രത്തിനും വലിയൊരു നഷ്ടമാണിത്. ഡാർവിൻ പ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ചപോലെ ഈ മനുഷ്യൻ മനുഷ്യചരിത്രത്തിൻറെ വികാസനിയമം കണ്ടു പിടിച്ചു…. തൻറെ ജീവിതകാലത്ത് ഒട്ടേറെ വെറുക്കപ്പെട്ട മനുഷ്യനായിരുന്നു മാർക്സ്. സർക്കാരുകൾ, അബ്സല്യൂട്ടിസ്റ്റുകളായാലും റിപ്പബ്ലിക്കനായാലും, അദ്ദേഹത്തെ രാജ്യത്തു നിന്ന് പുറത്താക്കി. ബൂർഷ്വാസി, യാഥാസ്ഥിതികമായാലും അൾട്രാ ജനാധിപത്യവാദി ആയാലും അദ്ദേഹത്തിനുമേൽ അധിക്ഷേപം ചൊരിയാൻ മത്സരിച്ചു. ഇതെല്ലാം അദ്ദേഹം അവഗണിച്ചു. പക്ഷേ, സൈബീരിയ മുതൽ കാലിഫോർണിയ വരെയുള്ള വിപ്ലവകാരികളായ കോടിക്കണക്കിന് സഹതൊഴിലാളികൾ അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അവർ അനുശോചിക്കുന്നു…. അദ്ദേഹത്തിൻറെ നാമം കാലാന്തരങ്ങളിൽ നിലനില്ക്കും, അദ്ദേഹത്തിൻറെ കൃതികളും.”
ആദ്യം സംസ്കരിച്ച ഇടത്തു നിന്ന് ഭൌതികാവശിഷ്ടങ്ങൾ അടുത്തു തന്നെയുള്ള ഒരിടത്തേക്ക് 1956 ൽ മാറ്റി സ്ഥാപിച്ചു. വലിയൊരു പ്രതിമയും സ്ഥാപിച്ചു. അവിടെയാണ് സന്ദർശകർ പോകാറ്. മുമ്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷേ, ശവസംസ്കാരം നടന്നയിടത്ത് പോകുന്നതാദ്യമായാണ്. ഈ സ്ഥലത്തെ ഫലകം ഇന്ന് പൊട്ടിപ്പൊളിഞ്ഞ് അനാഥമായി കിടക്കുന്നു. ഒരു വഴികാട്ടിയോ ഒന്നുമില്ല.
ലണ്ടൻ സെമിത്തേരി കമ്പനിയുടെ ഹൈ ഗേറ്റ് സെമിത്തേരിക്ക് മാർക്സിൻറെ ശവകുടീരത്തിലേക്കുള്ള സന്ദർശകരാണ് പ്രധാനവരുമാനം. കിഴക്കൻ യൂറോപ്പുകാരും ഇന്ത്യക്കാരും തെക്കേ അമേരിക്കക്കാരും മാത്രമാണത്രെ ഹൈഗേറ്റ് സെമിത്തേരിയിലെ സന്ദർശകർ. ലണ്ടനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളാകെ നിറഞ്ഞു കവിയുന്ന ചൈനക്കാർ ഇങ്ങോട്ട് വരാത്തതെന്തുകൊണ്ടാവും?