നിപയുടെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച കാര്‍ഗോ സര്‍വീസ് പുനരാരംഭിച്ചില്ല. നിപ പ്രതിസന്ധി ഒഴിഞ്ഞതിനാല്‍ കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പച്ചക്കറി, പഴവര്‍ഗങ്ങള്‍ ഉള്‍പെടെയുളള സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
നിപ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള കയറ്റുമതി പൂര്‍ണമായി നിര്‍ത്തിയിരുന്നു. നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍നിന്ന് തെട്ടടുത്തുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് നിപമുക്ത സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു.
എന്നാല്‍, പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള കാര്‍ഗോ പൂര്‍ണമായും നിര്‍ത്തി. എല്ലാവര്‍ക്കും നിപ നെഗറ്റീവായെങ്കിലും കയറ്റുമതി പുനരാരംഭിച്ചിട്ടില്ല.
പഴങ്ങളും പച്ചക്കറികളും ഉള്‍പെടെ കയറ്റുമതി ചെയ്യാന്‍ കഴിയാത്തതിനാല്‍ വ്യാപാരികളും കര്‍ഷകരുമെല്ലാം പ്രതിസന്ധിയിലാണ്. പഴം-പച്ചക്കറി കയറ്റുമതിയില്‍ 2021-22ല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് കസ്റ്റംസിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് കാര്‍ഗോക്കുള്ള തടസങ്ങള്‍ നീക്കണമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.