X
    Categories: MoreViews

പഠനം കഴിഞ്ഞോ, ഇനിയെന്തന്ന കണ്‍ഫ്യൂഷന്‍ വേണ്ട; പ്രത്യാശയുടെ ജാലകം തുറന്ന് വി ലീഡ്

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക മാത്രമല്ല; മാറ്റത്തിനായി കൗമാരക്കാരെ ഒരുക്കുകകൂടിയാണ് ഈ യുവാക്കള്‍. സ്ഥിരം കരിയര്‍ ക്ലാസുകള്‍ കേട്ടുമടുത്തവര്‍ക്കും വിശാലമായ ലോകം സ്വപ്നംകാണുന്നവര്‍ക്കും അനന്തസാധ്യതയുടെ വാതായനമാണ് വിലീഡ് തുറന്നിടുന്നത്. കരിയര്‍ ഗൈഡന്‍സ് മേഖലയിലെ സ്ഥിരം രീതിശാസ്ത്രങ്ങളോട് വിട പറഞ്ഞ് കെട്ടിലും മട്ടിലും പുതുമകൊണ്ടുവരുന്ന യുവാക്കള്‍ ഒരുവര്‍ഷത്തെ ഗവേഷണനിരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.
വടകര സ്വദേശി മുഹമ്മദ് അമ്മച്ചാണ്ടിയാണ് വി ലീഡ് സി.ഇ.ഒ. ദലീഫ് റഹ്മാന്‍, മുനവ്വര്‍ഫൈറൂസ്, സാജിദ് മുഹമ്മദ്, മുഹമ്മദ് സ്വാലിഹ്, നൗഫല്‍ അലി ടി, വി.പി റസല്‍, എം. മുഹമ്മദ് റിയാസ് എന്നിവര്‍ പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. ഐഐടിയിലെ പഠനത്തിരക്കുകള്‍ക്കിടയില്‍ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ തിളങ്ങിയ ഈ കൂട്ടുകാര്‍ കോളജില്‍ നിന്നിറങ്ങിയശേഷം വിവിധ മേഖലകളിലേക്ക് തിരിഞ്ഞു. പക്ഷെ, കാമ്പസില്‍ ഒരുമിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഇവരെ വീണ്ടും ഒന്നിച്ചുചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോഴിക്കോട് മലാപ്പറമ്പ് കേന്ദ്രമാക്കി വിലീഡ് എഡുവെഞ്ചേഴ്സ് രൂപീകൃതമായത് ഇങ്ങനെയാണ്.
ദീര്‍ഘകാലത്തെ ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത വി ലീഡ് കരിയര്‍ അസസ്മന്റ് ടെസ്റ്റാണ് പ്രധാന സവിശേഷത. വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകള്‍ ഇവിടെ പരിശോധിക്കപ്പെടുന്നു. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍, മനശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് എല്‍കാറ്റ് ടെസ്റ്റ് രൂപപ്പെടുത്തിയത്. കരിയര്‍ ഗൈഡന്‍സ് ക്ലാസുകളിലും മറ്റും സ്ഥിരമായി പിന്തുടര്‍ന്നുപോരുന്ന വിദേശപരിശീലനങ്ങളില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് യുവസംരംഭകര്‍ ഇതിലൂടെ സാധ്യമാക്കിയത്. കുട്ടികള്‍ക്ക് എവിടെനിന്ന് വേണമെങ്കിലും ഓണ്‍ലൈനില്‍ ടെസ്റ്റ് എഴുതാമെന്ന പ്രത്യേകതയുമുണ്ട്.
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍, അഭിരുചി, താല്‍പര്യം, വ്യക്തിത്വം, വൈകാരികതലം തുടങ്ങിയവ മനസിലാക്കി അതനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ടെസ്റ്റ് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് വിവിധ മേഖലകളില്‍ ടെസ്റ്റ് നടത്തി മികച്ച രണ്ട് സ്ട്രീമുകള്‍ നിര്‍ദേശിക്കും. എസ്.എസ്.എല്‍.സി മുതല്‍ പ്ലസ്ടു വരെയും കോളജ് തലത്തിലുമുള്ളവര്‍ക്ക് ടെസ്റ്റിന് ശേഷം മികച്ച അഞ്ച് മേഖലകളാണ് നിര്‍ദേശിക്കുക. ടെസ്റ്റ് എടുക്കുന്നവരില്‍നിന്ന് ചെറിയൊരു തുക ഈടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സേവനം സൗജന്യമാണ്. ഓണ്‍ലൈന്‍ സേവനത്തിന് പുറമെ കൗണ്‍സിലിംഗിനും വീലീഡില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.lcat.in

chandrika: