X

career chandrika: സ്‌കോളര്‍ഷിപ്പോടെ ശാസ്ത്ര പഠനം; മുന്നേറാന്‍ ‘നെസ്റ്റ് ‘

മികവിന്റെ കേന്ദ്രങ്ങളായ ശ്രേഷ്ഠസ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ ശാസ്ത്രപഠനം നടത്താനുള്ള അസുലഭാവസരമാണ് ‘നെസ്റ്റ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ്ങ് ടെസ്റ്റ് വഴി ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അറ്റോമിക ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വറിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍), മുംബൈ സര്‍വകലാശാലയിലെ അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സ് (സിഇബിസി) എന്നീ സ്ഥാപനങ്ങളിലാണ് ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്‌സിന് പഠനാവസരം ലഭിക്കുന്നത്.

ശാസ്ത്രാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന തിളക്കമാര്‍ന്ന കരിയര്‍ പാതയാണിത്. ‘നെസ്റ്റ്’ പ്രവേശന കടമ്പ കടന്ന് ‘നൈസര്‍’, ‘സിഇബിസി’ എന്നിവിടങ്ങളില്‍ പഠനാവസരം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ആണവോര്‍ജ്ജ മന്ത്രാലയത്തിന്റെ ‘ദിശ’ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ, ‘ഇന്‍സ്പയര്‍ ഷി’ എന്നീ പദ്ധതികളുടെ ഭാഗമായി പ്രതിവര്‍ഷം 60,000 രൂപ സ്‌കോളര്‍ഷിപ്പായും 20,000 രൂപ സമ്മര്‍ ഇന്റേണ്‍ഷിപ്പായും ലഭിക്കാന വസരമുണ്ടെന്ന സവിശേഷതയുണ്ട്. പഠനശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ ഗവേഷണ സാധ്യതകളും കണ്ടെത്താം.

+1 , +2 വിന് സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം (SC, ST വിഭാഗക്കാര്‍ക്ക് 55 ശതമാനം) മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020, 2021 വര്‍ഷങ്ങളില്‍ പരീക്ഷ വിജയിച്ചവര്‍ക്കും 2022 ല്‍ പ്ലസ്ടു പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2002 ആഗസ്ത് 01 നു ശേഷം ജനിച്ചവരായിരിക്കണം. ‘നൈസര്‍’, ‘സിഇബിസി’ എന്നിവിടങ്ങളില്‍ യഥാക്രമം 200, 57 സീറ്റുകളാണുള്ളത്. നിയമാനുസരണം സംവരണമുണ്ടാവും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ 5 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.

ജൂണ്‍ 18 നു നടക്കുന്ന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയില്‍ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളുള്ള 4 വിഭാഗങ്ങളുണ്ടാവും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവക്ക് 50 മാര്‍ക്ക് വീതമുള്ള ചോദ്യങ്ങളാണ് ഓരോ വിഭാഗത്തിലുമുണ്ടാവുക. കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന മൂന്ന് സെക്ഷനുകളാണ് റാങ്കിങ്ങിനായി പരിഗണിക്കുക. ഓരോ വിഭാഗത്തിലും തെറ്റുത്തരത്തിനു നെഗറ്റീവ് മാര്‍ക്കുകളുള്ള ചോദ്യങ്ങളും ഒന്നിലധികം ഉത്തരങ്ങളുള്ള ചോദ്യങ്ങളുമുണ്ടാവും. ഒന്നിലധികം ഉത്തരങ്ങളുള്ള ചോദ്യങ്ങള്‍ക്ക് മുഴുവന്‍ ശരിയുത്തരങ്ങളും രേഖപ്പെടുത്തിയാല്‍ മാത്രമേ മാര്‍ക്ക് ലഭിക്കുകയുള്ളൂ. പരീക്ഷക്ക് ശേഷം ‘നൈസര്‍’, ‘സിഇബിസി’ എന്നിവക്കായി പ്രത്യേക മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതായിരിക്കും.

https://www.nestexam.in/ എന്ന വെബ്‌സൈറ്റ് വഴി മേയ് 18 നകം അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ചോദ്യപ്പേപ്പറുകള്‍, സിലബസ്, വിശദമായ ബ്രോഷര്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആകാശത്തില്‍ പാറിനടക്കാന്‍ പൈലറ്റ് പരിശീലനം

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയില്‍ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിലേക്ക് മേയ് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2022 സെപ്തംബറില്‍ ആരംഭിക്കുന്ന നാലു ബാച്ചുകളിലേക്കാണ് അഡ്മിഷന്‍ നടക്കുന്നത്. കുറച്ചധികം ചിലവുവരുന്ന കോഴ്‌സാണിത് എന്നതോര്‍ക്കണം.ട്രെയിനിങ് ഫീസുതന്നെ 45 ലക്ഷം രൂപ വരും. യൂണിഫോം, പഠനോപകരണങ്ങള്‍, താമസം ഭക്ഷണം തുടങ്ങിയ മറ്റുചിലവുകള്‍ വേറെയുമുണ്ട്. രണ്ട് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. ഹോസ്റ്റല്‍ ചെലവ് പ്രതിമാസം ഏകദേശം 12,000 രൂപ വരും.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ (പിന്നാക്ക വിഭാഗക്കാര്‍ക്ക് 45 ശതമാനം) പ്ലസ്ടു വിജയിക്കണം. കോഴ്‌സിനു ചേരുമ്പോള്‍ 17 വയസ് പൂര്‍ത്തിയായിരിക്കണം. മൊത്തം 120 സീറ്റാണുള്ളത്. പൈലറ്റ് ലൈസന്‍സിനൊപ്പം താല്‍പര്യമുണ്ടെങ്കില്‍ 3 വര്‍ഷം നീണ്ടു നില്‍ക്കുന്ന ബി.എസ്.സി (എവിയേഷന്‍) ബിരുദവും നേടാനാവസരമുണ്ട്. പൂര്‍ണ ആരോഗ്യവും ആവശ്യത്തിന് പൊക്കം, വണ്ണം, തൂക്കം എന്നിവ ഉണ്ടാവണം. 12,000 രൂപ ഫീസുണ്ട്. ജൂണ്‍ 12 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷക്ക് തിരുവനന്തപുരമടക്കം 18 കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാക്രമത്തില്‍ 3 സെന്ററുകള്‍ തിരഞ്ഞെടുക്കണം. വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും https://igrua.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Chandrika Web: