കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ബിഎസ്.സി നഴ്‌സിംഗ്, മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് https://lbscetnre.in/ വഴി ആഗസ്ത് 20 വരെ അപേക്ഷിക്കാം. ആഗസ്ത് 17 നകം ഫീസൊടുക്കണം.ചില കോഴ്‌സുകളെ പരിചയപ്പെടാം.
ബാച്ചിലര്‍ ഓഫ്
ഒക്കുപ്പേഷണല്‍ തെറാപ്പി
ശാരീരികവും, മാനസികവും, വൈകാരികവുമായ പരിമിതിയുള്ളവര്‍ക്ക് സാന്ത്വനം പകര്‍ന്ന് അവരെ ദൈനംദിന വ്യവഹാരങ്ങളിലേര്‍പ്പെടാന്‍ സഹായിക്കുന്ന പ്രൊഫഷനലുകളാണ് ഒക്കുപ്പേഷണല്‍ തെറാപിസ്റ്റുകള്‍. ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളിലാണ് സാധ്യതകള്‍. വിദേശ രാജ്യങ്ങളിലടക്കം ആവശ്യത്തിന് വിദഗ്ധരെ ലഭ്യമല്ലാത്ത വിധം തൊഴിലവസരങ്ങളേറെയുണ്ടെങ്കിലും കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കുറവാണെന്ന പ്രശ്‌നമുണ്ട്. കേരളാ ആരോഗ്യ സര്‍വകലാശാലക്ക് കീഴില്‍ രണ്ടിടത്ത് മാത്രമാണീ കോഴ്‌സുള്ളത്.
ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ്
പാത്തോളജി
കേള്‍വി, സംസാര രംഗത്ത് പ്രയാസപ്പെട്ട് ആശയവിനിമയശേഷി കുറഞ്ഞവരെ സഹായിക്കാന്‍ ഇന്‍സ്ട്രക്ടര്മാരെ പര്യാപ്തമാക്കുന്നവയാണ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പ്രോഗ്രാം. ഈ കോഴ്‌സ് ഫലപ്രദമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആശുപത്രികളിലെ ഇ.എന്‍.ടി, പീഡിയാട്രിക്‌സ്, ന്യൂറോളജി, റീഹാബിലിറ്റേഷന്‍ സെന്റര്‍, പ്ലാസ്റ്റിക് സര്‍ജറി, പ്രിവന്റീവ് മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍, സ്പീച് ആന്‍ഡ് ഹിയറിങ് സെന്റര്‍, ശ്രവണ സഹായ ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖല, സെറിബല്‍ പാള്‍സി, ശ്രവണ സംസാര പരിമിതികളുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍, ചൈല്‍ഡ് ഗൈഡന്‍സ് സെന്റര്‍, റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സാധ്യതകളുണ്ട്.സ്പീച് തെറാപ്പി, ഓഡിയോളജി എന്നിവയിലേതിലെങ്കിലും സ്‌പെഷ്യലൈസ് ചെയ്ത് ഉപരിപഠനവും നടത്താം. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഓഡിയോളജിസ്റ്റുകള്‍ക്കും യുകെയില്‍ സ്പീച് തെറാപ്പിസ്റ്റുകള്‍ക്കും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്.
ബി.എസ്.സി ഒപ്‌റ്റോമെട്രി
കണ്ണുകളുടെ ഘടന, കാഴ്ചയുടെ പ്രവര്‍ത്തനങ്ങള്‍, കണ്ണടകളുടെയും ലെന്‌സുകളുടെയും നിര്‍മ്മാണത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് ഒപ്‌റ്റോമെട്രിസ്റ്റിന്റെ ജോലി. കണ്ണടകളുടെയും ലെന്‌സുകളുടെയും വിപണന മേഖലകളില്‍ സംരഭകത്വവും ആലോചിക്കാവുന്നതാണ്. കണ്ണ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റ് ഡോക്ടറായ ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും ഒപ്‌റ്റോമെട്രിസ്റ്റിനു പ്രവര്‍ത്തിക്കാനാവുക.
ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി
ഗുരുതരമായ വൃക്കരോഗം ബാധിച്ച രോഗികളില്‍ ഡയാലിസിസ് ചെയ്യുന്നതും ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഡയാലിസിസ് ടെക്‌നോളജിസ്റ്റുകളാണ്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ വേളയിലും ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ടാവുമിവര്‍ക്ക്. ഇത്തരം സംവിധാനങ്ങളുള്ള ആശുപത്രികളിലും ഡയാലിസിസ് സെന്ററുകളിലും തൊഴിലന്വേഷിക്കാം
ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി
മരുന്നുകളില്ലാതെ കായികമായും, ഭൗതിക സംവിധാനങ്ങളുടെയും വൈദ്യതിയധിഷ്ഠിതമായ യന്ത്രങ്ങളുടെയും സഹായത്തോടെയും ചികിത്സിക്കുന്ന രീതിയാണ് ഫിസിയോതെറാപ്പി. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരമുള്ളത്. കോഴ്‌സ് കഴിഞ്ഞയുടന്‍ ജോലി കണ്ടെത്താന്‍ പ്രയാസപ്പെടാനിടയുണ്ടെങ്കിലും മതിയായ പ്രായോഗികജ്ഞാനം നേടി സ്വന്തമായി പരിശീലനം നടത്തുന്നതിനെക്കുറിച്ചാലോചിക്കാവുന്നതാണ്. അസ്ഥി, മസ്തിഷ്‌ക്കം, ഞരമ്പ്, ഹൃദയം, വാര്‍ധക്യം, സ്ത്രീകളുടെയും ശിശുക്കളുടെയും ആരോഗ്യം, ഹൃദയം, ശ്വാസകോശം, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനുമവസരങ്ങളുണ്ട്.
പൊതുവായി അറിയേണ്ടത്
ബി.എ.എസ്.എല്‍.പി കോഴ്‌സിന് പ്രവേശനം നേടാന്‍ പ്ലസ്ടുവിന് ബയോളജി പഠിക്കണമെന്നില്ലയെങ്കിലും മറ്റു കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ നിര്‍ബന്ധമാണെന്നോര്‍ക്കുക.കൂടാതെ കൃത്രിമാവയവങ്ങളുമായി ബന്ധപ്പെട്ട പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിസ്റ്റ്, ഡോക്ടര്‍മാരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഫിസിഷ്യന്‍ അസിസ്റ്റന്റ്, തീവ്രപരിചരണവുമായി ബന്ധപ്പെട്ട ക്രിട്ടിക്കല്‍/ ഇന്റന്‍സീവ് കെയര്‍ ടെക്‌നോളജി, ശ്വസനശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട റെസ്പിറേറ്ററി തെറാപ്പി, ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി, മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്, ന്യൂക്ലിയാര്‍ മെഡിസിന്‍, ന്യൂറോടെക്‌നോളജി തുടങ്ങിയ ബിരുദ പ്രോഗ്രാമുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പഠിക്കാനവസരമുണ്ട്.
ദേശീയ തലത്തില്‍ ശ്രദ്ധേയമായ പിജിഐഎംഇആര്‍, ജിപ്‌മെര്‍, എയിംസ്, എസ്.വി നിര്‍ടാര്‍, എന്‍ഐഎല്‍ഡി, നിംഹാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ മുന്തിയ പരിഗണന നല്കണം. എന്നാല്‍ കേരളത്തിന് പുറത്തുള്ള മറ്റു സര്‍വകലാശാലകളെ പരിഗണിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. കോഴ്‌സുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരം ലഭിക്കാനുള്ള സാധ്യത, മുന്‍ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ വിദ്യര്‍ഥികള്‍ക്ക് ലഭിച്ച തൊഴിലവസരം, വിദേശ ജോലിക്കായി സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനുള്ള സാധ്യത എന്നിവ കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെട്ടു വേണം കോഴ്‌സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കേണ്ടത്.