X

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Chandrika Web: