X

career chandrika: നീറ്റ് യുജി 2023: ജാഗ്രതയോടെ അപേക്ഷിക്കാം

ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ കടമ്പയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്യുജി)ക്ക് ഏപ്രില്‍ 6 വരെ https://neet.nta.nic.in/ വഴി അപേക്ഷിക്കാം. മേയ് ഏഴിനാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആവശ്യമെങ്കില്‍ മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില വിവരങ്ങള്‍ ശ്രദ്ധിക്കുക.

എംബിബിഎസ്, ബി.ഡി,എസ്(ഡെന്റല്‍), ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ എന്നീ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്. കൂടാതെ വെറ്ററിനറി സയന്‍സിലെ ബിരുദ പ്രോഗ്രാമിലെ പ്രവേശനത്തിനും നീറ്റ്‌യുജി മാനദണ്ഡമാണ്.

കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളായ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലെ ബി.എസ്.സി (ഓണേഴ്‌സ്) കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് ബയോടെക്‌നോളജി, ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും നീറ്റ്‌യുജി പ്രധാന മാനദണ്ഡമായിരിക്കും.

എം.സി.സി(മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മറ്റി), ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിംഗ് കമ്മറ്റി, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ ദേശീയ തലത്തില്‍ നടത്തുന്ന കൗണ്‍സലിംഗ്, എഐഐഎംഎസ്, ജിപ്‌മെര്‍, ആംഡ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ്, കല്പിത സര്‍വകലാശാലകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലെയും പ്രവേശനം നീറ്റ്‌യുജി അടിസ്ഥാനത്തിലാണ്.

കേരളത്തിന് പുറത്തുള്ള ചില സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലെ പ്രവേശനത്തിനും നീറ്റ്‌യുജി സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. കൂടാതെ ബാംഗ്ലൂരിലെ ഐ.ഐ.എസ്.സി നടത്തുന്ന ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിലെ പ്രവേശനം, ചില സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കും നീറ്റ്‌യുജി ഫലം മാനദണ്ഡമാണ്.

ഇന്ത്യക്ക് പുറത്ത് മെഡിക്കല്‍ പഠനമാഗ്രഹിക്കുന്നവരും നീറ്റ്‌യുജി എഴുതി 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി യോഗ്യത നേടണം. ഒരാള്‍ക്ക് 50 പെര്‍സെന്റയില്‍ ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പരീക്ഷ എഴുതിയ കുട്ടികളില്‍ 50 ശതമാനം പേരുടെ മാര്‍ക്കും അയാളുടെ മാര്‍ക്കിന് തുല്യമോ അതില്‍ കുറവോ ആണെന്നാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ മൊത്തത്തില്‍ 50% മാര്‍ക്ക് നേടി +2 വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷകര്‍ 2006 ഡിസംബര്‍ 31 നു മുമ്പ് ജനിച്ചവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല
ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. രജിസ്‌ട്രേഷന് ശേഷം കാറ്റഗറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാറ്റാനാവില്ല.
സ്വന്തമായി ഉപയോഗിക്കുന്നതോ രക്ഷിതാക്കളുടെയോ മൊബൈല്‍ നമ്പര്‍ ഇമെയില്‍ വിലാസം എന്നിവ മാത്രമേ നല്‍കാവൂ.
നീറ്റ്‌യുജി അപേക്ഷക്ക് പുറമെ കേരള പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ് വരുന്ന മുറയ്ക്ക് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം കേരളത്തില്‍ നടത്തപ്പെടുന്ന അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

പാസ്‌പോര്‍ട്ട് സൈസ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഒപ്പ്, രണ്ട് കൈകളിലെയും എല്ലാ വിരലുകളുടെയും അടയാളം, പത്താം തരം സര്‍ട്ടിഫിക്കറ്റ്, വിലാസത്തിനുള്ള തെളിവ് എന്നിവ നിര്‍ബന്ധമായും കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ രേഖകള്‍ എന്നിവ ബാധകമായതിനനുസരിച്ചും സമര്‍പ്പിക്കണം. അതത് രേഖകള്‍ അയക്കേണ്ട ഫോര്‍മാറ്റ് പ്രോപ്‌സെക്ടസിലുണ്ട്. സംവരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ 2022 ഏപ്രില്‍ ഒന്നിന് ശേഷം ലഭിച്ചതായിരിക്കണം. ഒബിസിഎന്‍.സി.എല്‍ സര്‍ട്ടിഫിക്കറ്റ് 2023 മാര്‍ച്ച് 31 നു മുമ്പ് ലഭിച്ചതായിരിക്കണം എന്ന നിബന്ധനയുമുണ്ട്

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ ഓരോ വിഷയവും രണ്ട് സെക്ഷനുകളിലായാണ് പരീക്ഷ നടക്കുക. സെക്ഷന്‍ ‘എ’ യില്‍ 35 ചോദ്യങ്ങളും സെക്ഷന്‍ ‘ബി’ യില്‍ 15 ചോദ്യങ്ങളുമാണുണ്ടാവുക. സെക്ഷന്‍ ബിയിലെ 15 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്.

പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് സ്വാഭാവത്തിലുള്ള മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് നടക്കുന്നത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

അപേക്ഷയില്‍ നിലവിലെ വിലാസം കൊടുക്കുന്ന സ്ഥലത്തിനനുസരിച്ചായിരിക്കും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനാവുക. വിദേശത്ത് സെന്റര്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എന്‍.ടി.എ വെബ്‌സൈറ്റ്, ഇമെയില്‍, എസ്.എം.എസ് എന്നിവ പുതിയ അപ്‌ഡേറ്റുകള്‍ക്കായി പതിവായി പരിശോധിക്കണം.
അപേക്ഷ സമര്‍പ്പിച്ചതിന്റെ കണ്‍ഫമേഷന്‍ പേജിന്റെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും കണ്‍ഫമേഷന്‍ പേജിന്റെയും ഫീസ് അടച്ച രേഖയുടെയും കോപ്പികള്‍ സൂക്ഷിക്കണം.

webdesk11: