X

Career Chandrika | രാജ്യരക്ഷാമേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ എന്‍ഡിഎ & എന്‍എ

പി ടി ഫിറോസ്‌

രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കിക്കൊണ്ട് നമ്മുടെ അഭിമാനമായ ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഭാഗമാവാനവസരം ലഭിക്കുന്നത് ശ്രദ്ധേയമായ കരിയര്‍ സാധ്യതയാണ്. കേവലമായ ജോലി എന്നതിനപ്പുറം രാജ്യരക്ഷയുടെ അത്യുദാത്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വഴി വ്യതിരിക്തമായ കരിയര്‍ പാതയാണ് തുറക്കപ്പെടുന്നത്. രാജ്യസേവന തല്‍പരത, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത എന്നിവയുള്ളവര്‍ക്ക് സേവനത്തോടൊപ്പം മികച്ച വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കാനും കരിയര്‍ അഭിവൃദ്ധിക്കുള്ള നിരന്തര അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും രാജ്യരക്ഷാ മേഖലയിലെ കരിയര്‍ വഴിയൊരുക്കുന്നു.

+2 യോഗ്യതയുള്ളവര്‍ക്ക് അസുലഭ അവസരമൊരുക്കുന്നതാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷ. പരീക്ഷയില്‍ യോഗ്യത നേടി കേഡറ്റുകളായി തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും കണ്ണൂര്‍ ഏഴിമലയിലെ നേവല്‍ അക്കാദമിയിലെയും കിടയറ്റ പരിശീലനമാണ് കാത്തിരിക്കുന്നത്. പരിശീലനകാലത്ത് സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ബി.ടെക് / ബി.എസ്.സി/ബി.എ യോഗ്യതകള്‍ക്കൊപ്പം ലഫ്റ്റനന്റ്/ സബ് ലഫ്റ്റനന്റ്/ ഫഌയിങ് ഓഫീസര്‍ തസ്തികയില്‍ നിയമനവും ലഭിക്കും. സ്ഥാനക്കയറ്റത്തിനും മാറ്റാനുകൂല്യങ്ങള്‍ക്കും അര്‍ഹതകളുണ്ടാവും.

2023 ജനുവരി 2 ന് ആരംഭിക്കുന്ന എന്‍.ഡി.എടെയും ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെയും പരിശീലനത്തിനുള്ള പ്രവേശന നടപടികളാണിപ്പോള്‍ ആരംഭിച്ചത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പരീക്ഷക്ക്www.ups conline.nic.in എന്ന വെബ്‌സൈറ് വഴി ജനുവരി 11 വരെ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം (നേവല്‍ അക്കാദമിയില്‍ ആണ്‍കുട്ടികള്‍ മാത്രം). സമര്‍പ്പിച്ച അപേക്ഷകള്‍ പിന്‍വലിക്കാന്‍ ജനുവരി 18 മുതല്‍ 24 വരെ അവസരമുണ്ട്. 400 സീറ്റുകളാണാകെയുള്ളത്. താല്‍പര്യമുള്ള മേഖല മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനായി കൊടുക്കണം. ആര്‍മി വിഭാഗത്തില്‍ പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കാറ്റഗറികളില്‍ അപേക്ഷിക്കണമെങ്കില്‍ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കം രാജ്യത്തെമ്പാടുമായി 75 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത അപേക്ഷാര്‍ഥികള്‍ക്ക് മാത്രമേ തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ലഭിക്കാനിടയുള്ളൂ. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ 2003 ജൂലായ് 2 നും 2006 ജൂലായ് 01 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം. ഈ വര്‍ഷം +2 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാമെങ്കിലും 2022 ഡിസംബര്‍ 24 നു മുമ്പായി യോഗ്യത തെളിയിക്കണം. 100 രൂപയാണ് പരീക്ഷ ഫീസ്. പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയ ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവര്‍ അപേക്ഷിച്ചാല്‍ മതി.

മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയില്‍ രണ്ടര മണിക്കൂര്‍ വീതമുള്ള ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള ചോദ്യങ്ങളുണ്ടാവും. ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ഇംഗ്ലീഷ്, പൊതു വിജ്ഞാനം എന്നിവയുണ്ടാവും. വിശദമായ സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. മാത്തമാറ്റിക്‌സിനുള്ള 300ഉം ജനറല്‍ എബിലിറ്റി പരീക്ഷക്കുള്ള 600ഉം അടക്കം എഴുത്ത് പരീക്ഷക്ക് മൊത്തം 900 മാര്‍ക്കാണുണ്ടാവുക ഓ.എം.ആര്‍ ഡാറ്റാ ഷീറ്റില്‍ ആണ് മാര്‍കിങ് ചെയ്യേണ്ടത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.

എഴുത്ത് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിന് ആദ്യതവണ ഹാജരാകുന്നവര്‍ക്ക് എസി 3 ടയര്‍ റെയില്‍വേ/ബസ് ടിക്കറ്റ് എന്നിവ ലഭിക്കാന്‍ അര്‍ഹതയുണ്ടാവും.

www.joinindianarmy.nic.in, www.joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലോഗോണ്‍ ചെയ്ത് അവരവരുടെ എസ്.എസ്.ബി സെന്റര്‍, ഇന്റര്‍വ്യൂ തിയതി എന്നിവ മനസ്സിലാക്കണം. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വഴി ബുദ്ധി പരീക്ഷ, വ്യക്തിത്വ പരിശോധന എന്നിവയുണ്ടാവും. മുഖാമുഖത്തിനപ്പുറം സൈനിക സേവനത്തിന് വേണ്ട ഗുണങ്ങള്‍ വിശദമായി പരിശോധിക്കും.

വ്യോമസേനയില്‍ ഫഌയിങ് ബ്രാഞ്ചില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പൈലറ്റ് സെലക്ഷന്‍ പരീക്ഷ കൂടി അഭിമുഖീകരിക്കണം. എഴുത്ത് പരീക്ഷ, സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് എന്നിവയിലെ പ്രകടനം, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തില്‍ എന്‍ഡിഎ, നേവല്‍ അക്കാദമി എന്നിവിടങ്ങളിലെ പരിശീലനത്തിന് പ്രവേശനം നല്‍കും. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസിലുണ്ട്.

 

Test User: