X

career chandrika:സര്‍ക്കാര്‍ ജോലി നേടാന്‍ സിജിഎല്‍ എന്ന ‘മിനി സിവില്‍ സര്‍വീസ്’, ഇരുപതിനായിരത്തോളം ഒഴിവുകള്‍

പി ടി ഫിറോസ്

ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മികവാര്‍ന്ന കരിയര്‍ സാധ്യതകളിലേക്കെത്താന്‍ സുവര്‍ണാവസരമൊരുക്കുന്ന മത്സരപ്പരീക്ഷയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ. കേന്ദ്ര സര്‍ക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, െ്രെടബ്യുണലുകള്‍ എന്നിവിടങ്ങളിലെ ഗസറ്റഡ് റാങ്കിലുള്ള തസ്തികകളിലുള്‍പ്പെടെ നിയമനം ലഭിക്കാന്‍ വഴിയൊരുക്കുന്നത് കൊണ്ടുതന്നെ ബിരുദധാരികള്‍ക്ക് മുന്നിലുള്ള ഏറ്റവും ശ്രദ്ധേയമായ കടമ്പയാണ് മിനി സിവില്‍ സര്‍വീസ് എന്ന് വിശേഷിപ്പിക്കാവുന്ന സി.ജി.എല്‍ പരീക്ഷ. 35 തസ്തികകളിലായി ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിങ്ങനെയുള്ള കാറ്റഗറികളിലായാണ് നിയമനം.

സി.ജി.എല്‍ വഴി നിയമനം ലഭിക്കുന്ന
തസ്തികകള്‍

ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് ഓഫീസര്‍
സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സര്‍വീസ്, ഐബി, ഇലക്ട്രോണിക്‌സ്‌ഐടി, റെയില്‍വേ, വിദേശകാര്യ മന്ത്രാലയങ്ങള്‍, ആംഡ് ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടര്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
വിവിധ മന്ത്രാലയങ്ങളിലെ അസിസ്റ്റന്റ്
ഡയറക്റ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ് ആന്‍ഡ് കസ്റ്റംസ്, സി.ബി.ഐ, എന്‍.ഐ.എ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളിലെ ഇന്‍സ്‌പെക്ടര്‍/സബ് ഇന്‍സ്‌പെക്ടര്‍
റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍
തപാല്‍ വകുപ്പിലെ പോസ്റ്റല്‍/ സോര്‍ട്ടിങ് അസിസ്റ്റന്റ്
സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍
മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസിലെ സീനിയര്‍ അട്മിന്‌സിട്രേറ്റീവ് അസിസ്റ്റന്റ്
വിവിധ വകുപ്പുകളിലെ ഓഡിറ്റര്‍ / അക്കൗണ്ടന്റ്‌റ്/ ഡിവിഷണല്‍ അക്കൗണ്ടന്റ്/ ജൂനിയര്‍ അക്കൗണ്ടന്റ്
വിവിധ വകുപ്പുകളിലെ സീനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ യു.ഡി ക്‌ളര്‍ക്ക്
സി.ബി.ഡി.ടി, സി.ബി.ഐ.സി എന്നിവിടങ്ങളില്‍ ടാക്‌സ് അസിസ്റ്റന്റ്

എല്ലാ വിഭാഗങ്ങളിലുമായി മൊത്തം ഇരുപതിനായിരത്തോളം ഒഴിവുകളുണ്ട്. പട്ടിക വിഭാഗങ്ങള്‍, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ സംവരണമുണ്ടാവും. അസിസ്റ്റന്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാമെങ്കിലും സി.എ/സി.എം.എ/ സി.എസ് എന്നിവയിലേതെങ്കിലുമോ കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫൈനാന്‍സ്), ബിസിനസ് എക്കണോമിക്‌സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പരിഗണന ലഭിക്കും. ജൂനിയര്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു തലത്തില്‍ ഗണിതം പഠിച്ചിരിക്കുകയോ ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായെങ്കിലും എടുത്തിരിക്കുകയോ വേണമെന്ന നിബന്ധനയുണ്ട്. ബാക്കി എല്ലാ തസ്തികകളിലേക്ക് അപേക്ഷിക്കുവാനും ഏതെങ്കിലും ബിരുദ യോഗ്യത മതി വിദൂര വിദ്യാഭ്യാസ രീതിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

1827, 2030, 1830, 1832 എന്നിങ്ങനെ വിവിധ തസ്തികകള്‍ക് വ്യത്യസ്ത പ്രായപരിധിയാണുള്ളത്. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം അവസാന ദിവസത്തേക്ക് നീട്ടി വെക്കാതെ മുന്‍കൂട്ടി അപേക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. അപേക്ഷാ ഫീസായ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ ബാങ്ക് മുഖേനയോ അടക്കാം. വനിതകള്‍, പട്ടികവിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷക്ക് ടയര്‍ 1, ടയര്‍ 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുണ്ടാവുക. ടയര്‍ 1 പരീക്ഷക്ക് ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബംഗളുരു, മൈസൂര്‍, മംഗലാപുരം എന്നിവയടക്കം 15 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. ടയര്‍ 2 പരീക്ഷയില്‍ മൂന്ന് പേപ്പറുകളാണുണ്ടാവുക. പേപ്പര്‍ 1 ഏത് തസ്തികയിലേക്കും അപേക്ഷിക്കുന്നവരുമെഴുതണം. പരീക്ഷകളുടെ രീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വിവിധ വകുപ്പുകളിലെ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍,യുഡി ക്ലര്‍ക്ക് പദവികളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ശാരീരികക്ഷമത സംബന്ധിച്ച നിബന്ധനകളുണ്ട്. സിലബസ്, ചോദ്യപേപ്പര്‍ രീതി എന്നിവയെല്ലാം കൃത്യമായി പരിശോധിച്ച് പരീക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകള്‍ ഉപയോഗപ്പെടുത്തി തയ്യാറെടുക്കുന്നത് ഫലപ്രദമാവും.

Test User: