X

career chandrika: കേരള എന്‍ട്രന്‍സ്; പ്രധാന വിവരങ്ങള്‍ മറക്കാതിരിക്കാം

പിടി ഫിറോസ്

കേരളത്തിലെ എഞ്ചിനീയറിങ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ മുപ്പതും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാനുള്ള തിയതി മെയ് പത്തുമാണ്. പ്രവേശനമാഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്ത കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ടുപെട്ടെന്ന് അപേക്ഷിക്കുവാന്‍ ശ്രദ്ധിക്കുക.

എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എന്‍ട്രന്‍സിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇപ്പോള്‍ നിശ്ചയിച്ചതനുസരിച്ച് ജൂണ്‍ 26 നാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

ബി.ഫാം കോഴ്‌സിന് മാത്രം പ്രവേശനം ആഗ്രഹിക്കുന്നവര്‍ പരീക്ഷയുടെ ഒന്നാം പേപ്പര്‍ (ഫിസിക്‌സ്, കെമിസ്ട്രി) ഏഴുതിയാല്‍ മതി. എന്‍ജിനീയറിങ്, ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്ക് കേരളത്തില്‍ പ്രത്യേകം പ്രവേശന പരീക്ഷയില്ലെങ്കിലും മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള കേരളത്തിലെ അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടണമെങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കണം.

എം.ബി.ബി.എസ്., ബിഡിഎസ്., ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്‌സുകള്‍, വെറ്ററിനറി സയന്‍സ്, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയിഞ്ച് ആന്‍ഡ് എന്‍വയോണ്‍മന്റല്‍ സയന്‍സ് എന്നിവയിലെ ബിഎസ്സി (ഓണേഴ്‌സ്), കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിടെക് ഇന്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്ക് പ്രവേശനമാഗ്രഹിക്കുന്നവര്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ‘നീറ്റ്’ യുജി പരീക്ഷക്ക് അപേക്ഷിച്ച് യോഗ്യത നേടണം. എന്‍ഐടി, ഐഐടി ഒഴികെയുള്ള സ്ഥാപനങ്ങളില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ ചേരാന്‍ ‘നാറ്റ’ പരീക്ഷയിലും യോഗ്യത നേടണം.

2022 ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കണം. എഞ്ചിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകള്‍ക്ക്, ഉയര്‍ന്ന പ്രായപരിധിയല്ല. മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിന് പ്രായപരിധി ‘നീറ്റ്’ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും.
അപേക്ഷ നല്‍കുന്നതിനായി ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, നിഷ്‌ക്കര്‍ഷിക്കപ്പെട്ട രീതിയിലുള്ള ഫോട്ടോ, ഒപ്പ് എന്നിവ ആവശ്യമാണ്.

അഞ്ച് ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. ഓരോ ഘട്ടങ്ങളുടെയും വിശദ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്. ഒന്നാമത്തെ ഘട്ടത്തില്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചു വെക്കണം.

ഒന്നിലധികം കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ഒറ്റയപേക്ഷ മതിയാവും. എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, ബി.ഫാം, മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയില്‍ ചേരാനുദ്ദേശിക്കുന്ന കോഴ്‌സുകള്‍ അപേക്ഷാ വേളയില്‍ സെലക്ട് ചെയ്യണം.

പ്ലസ്ടു പപൂര്‍ത്തിയാക്കിയവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഓരോ കോഴ്സിനും വേണ്ട വിദ്യാഭ്യാസ യോഗ്യത/മാര്‍ക്ക് നിബന്ധന സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

അപേക്ഷയും അനുബന്ധ രേഖകളും www.cee.kerala.gov.in എന്ന വെബ്‌സൈറ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതി. ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും പ്രിന്റെടുത്തത് സൂക്ഷിക്കണം.

അപേക്ഷാര്‍ത്ഥിയോ മാതാപിതാക്കളില്‍ ഒരാളെങ്കിലുമോ കേരളത്തില്‍ ജനിച്ചവരെങ്കില്‍ കേരളീയനെന്ന പരിഗണന ലഭിക്കും. ഇക്കാര്യം തെളിയിക്കുന്ന രേഖ, ജനനതീയതി തെളിയിക്കാനായുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. കേരളീയര്‍ അല്ലാത്തവര്‍ക്കും പരിമിതമായ പ്രവേശന സൗകര്യങ്ങളുണ്ട്.

സാമൂഹികവും വിദ്യഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാര്‍, മറ്റര്‍ഹ സമുദായത്തില്‍പ്പെട്ടവര്‍ എന്നിവര്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന കേരള സര്‍ക്കാറിന്റെ പഠനാവശ്യങ്ങള്‍ക്കുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. പട്ടിക വിഭാഗക്കാര്‍ തഹസില്‍ദാര്‍മാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റാണ് ഉള്‍പ്പെടുത്തേണ്ടത്. സംവരണത്തിന് അര്‍ഹതയില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ പ്രവേശനമാഗ്രഹിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലത് മതിയാവും. സംവരണാനുകൂല്യങ്ങള്‍ക്ക് ഇ-ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റുകളും സ്വീകരിക്കുന്നതാണ്. സംവരണത്തിനര്‍ഹമായ മറ്റു വിഭാഗങ്ങളെ സംബന്ധിച്ച വിവരവും പ്രോസ്‌പെക്ടസിലുണ്ട്.

സംവരണത്തിന് അര്‍ഹരല്ലാത്ത അപേക്ഷകരും ഫീസ് ആനുകൂല്യം, സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ആയുര്‍വേദ കോഴ്‌സിന് പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രത്യേകം വെയിറ്റേജ് ലഭിക്കാന്‍ പ്ലസ്ടു തലത്തില്‍ സംസ്‌കൃതം ഒരു വിഷയമായി പഠിക്കുന്നുണ്ടെങ്കില്‍ സ്ഥാപനമേധാവി നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള കോഴ്‌സ് സട്ടിഫിക്കറ്റ്, വി.എച്ച്.എസ്.ഇ കോഴ്‌സില്‍ പഠിക്കുന്നവര്‍ അവര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗക്കാര്‍ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നിന്ന് നിശ്ചിത ഫോര്‍മാറ്റിലുള്ള ഇ ഡബ്‌ള്യു.എസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താന്‍ മറക്കരുത്.

എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍, മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ ഓണ്‍ലൈന്‍ പേമെന്റ് വഴി 12,000 രൂപ അധിക ഫീസ് നല്‍കണം.

സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളേജുകളില്‍ ലഭ്യമായ എന്‍ആര്‍ഐ ക്വാട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം 22/2/2020 ലെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള രേഖകള്‍ ഉള്‍പ്പെടുത്തണം.

Test User: