പി.ടി ഫിറോസ്
ബിരുദത്തിന് ശേഷമുള്ള എംബിഎ കോഴ്‌സുകളാണ് മാനേജ്‌മെന്റ് പഠനരംഗത്ത് പൊതുവെ കണ്ടുവരാറുള്ളതെങ്കിലും പ്ലസ്ടു കഴിഞ്ഞതിന് ശേഷമുള്ള ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പഠനമെന്നത് ഇപ്പോള്‍ വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന കരിയര്‍ സാധ്യതയാണ്. മാനേജ്‌മെന്റ് പഠനത്തിന് കിടയറ്റ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഐഐമ്മുകള്‍ നടത്തുന്ന പഞ്ചവത്സര മാനേജ്‌മെന്റ് കോഴ്‌സുകളെ പരിചയപ്പെടാം. ഏത് വിഷയത്തില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാവുന്ന ഈ കോഴ്‌സുകള്‍ മാനേജ്‌മെന്റ് പഠനാഭിരുചിയുള്ളവര്‍ക്ക് തിരഞ്ഞെടുത്ത് തിളങ്ങാന്‍ അവസരം സൃഷ്ടിക്കുന്നതാണ്.
ഐഐഎം ഇന്‍ഡോര്‍
2011 ല്‍ ആരംഭിച്ച ഈ പ്രോഗ്രാം (ബി.എഎംബിഎ) ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ കോഴ്‌സാണ്. ആദ്യത്തെ 3 വര്‍ഷങ്ങളില്‍ അടിസ്ഥാന പഠനത്തിനും അവസാന രണ്ട് വര്‍ഷങ്ങളില്‍ മാനേജ്‌മെന്റ് പഠനത്തിനുമാണ് പ്രാധാന്യം. 4,5 വര്‍ഷങ്ങളിലെ പരിശീലനം സ്ഥാപനത്തിലെ മറ്റു വിദ്യാര്‍ഥികളോടൊപ്പമായിരിക്കും. 5 വര്‍ഷത്തെ പഠനത്തിനൊടുവില്‍ ബി.എ, എംബിഎ യോഗ്യതകള്‍ ലഭിക്കും. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.iimidr.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഐഐഎം റോത്തക്ക്, ഹരിയാന
ഐഐഎം ഇന്‍ഡോറിലെ കോഴ്‌സിന് ഏറെക്കുറെ സമാനമാണ് ഇവിടെയും. ബിബിഎഎംബിഎ കോഴ്‌സാണുള്ളത്. അഞ്ചു വര്‍ഷത്തെ പഠനത്തിന് ശേഷം എംബിഎ ബിരുദം ലഭിക്കും. ചുരുങ്ങിയത് 5 CGPA ങ്കിലും ഉള്ളവര്‍ക്കാണ് മൂന്നാം വര്‍ഷത്തിനു ശേഷം തുടര്‍ പഠനത്തിന് അവസരം ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം ബിബിഎ യോഗ്യത കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 3 വര്‍ഷം മാത്രം പഠിച്ച് ബിബിഎ യോഗ്യതയുമായി എക്‌സിറ്റ് ചെയ്യാനുള്ള അവസരവുമുണ്ട്. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ചെന്നൈ അടക്കം 28 കേന്ദ്രങ്ങളിലായി മെയ് 21 നു നടക്കുന്ന അഭിരുചി പരീക്ഷയ്ക്ക് www.iimrohtak.ac.in എന്ന വെബ്‌സൈറ് വഴി മെയ് രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖവും ഉണ്ടാവും.
ഐഐഎം റാഞ്ചി
ഐഐഎം റാഞ്ചിയില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഈ കോഴ്‌സ് (ബിബിഎഎംബിഎ) ആരംഭിച്ചത്. പ്രത്യേകം പ്രവേശന പരീക്ഷ നടത്തിയിരുന്നില്ല SAT പരീക്ഷയിലോ ഐഐഎം ഇന്‍ഡോറിലേക്കുള്ള പ്രവേശന പരീക്ഷയിലോ യോഗ്യത നേടണമെന്നായിരുന്നു നിബന്ധന. ഈ വര്‍ഷത്തെ അഡ്മിഷന്‍ വിവരങ്ങള്‍ iimranchi.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ജമ്മു, ബുദ്ധഗയ (ബിഹാര്‍) ഐഐഎംകള്‍
ഐഐഎമ്മിന്റെ ജമ്മു, ബുദ്ധഗയ ക്യാംപസുകളിലും കഴിഞ്ഞ വര്‍ഷം മുതല്‍ പഞ്ചവര്‍ഷ മാനേജ്‌മെന്റ് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. JIPMAT എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മന്റ് അഡ്മിഷന്‍ ടെസ്റ്റ് എന്ന മത്സര പരീക്ഷ വഴിയാണ് ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. പരീക്ഷയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും റെജിസ്‌ട്രേഷനുമായി www.jipmat.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ജമ്മു, ബുദ്ധഗയ എന്നിവിടങ്ങളിലെ കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ യഥാക്രമം www.iimj.ac.in, iimbg.ac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ജമ്മുവില്‍ ബിബിഎഎംബിഎയും ബുദ്ധഗയയില്‍ ബിബിഎംഎംബിഎയുമാണുള്ളത്. മൂന്ന് വര്‍ഷത്തെ പഠനത്തതിന് ശേഷം ബിരുദയോഗ്യത മാത്രമായി പുറത്തിറങ്ങാവുന്നതുമാണ്.
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് പ്രവേശനം നേടാവുന്ന സംയോജിത മാനേജ്മന്റ് പ്രോഗ്രാം നടത്തുന്ന മറ്റു ചില സ്ഥാപനങ്ങള്‍.
• നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ്
• സെന്‍ട്രല്‍ ട്രൈബല്‍ സര്‍വകലാശാല ആന്ധ്രാപ്രദേശ്
• നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല, ഗുജറാത്ത്
• നിര്‍മ സര്‍വകലാശാല, അഹമ്മദാബാദ്
• നര്‍സി മോണ്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുംബൈ
• മുംബൈ സര്‍വകലാശാല
• മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, കര്‍ണാടക
• അന്ധ്രാ സര്‍വകലാശാല
• ഡൂണ്‍ ബിസിനസ് സ്‌കൂള്‍ ഡെറാഡൂണ്‍
• ജിന്‍ഡാല്‍ ഗ്ലോബല്‍ സ്‌കൂള്‍, സോനിപ്പത്ത്
കോഴ്‌സുകളുടെ സവിശേഷ സ്വഭാവം, പ്രവേശന രീതി, അപേക്ഷിക്കേണ്ട സമയം ഫീസ് തുടങ്ങിയ വിവരങ്ങളറിയാന്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാം. സ്ഥാപനങ്ങളുടെ റാങ്കിങ് അനുസരിച്ച് കോഴ്‌സുകളുടെ നിലവാരത്തിലും സ്വീകാര്യതയിലും വ്യത്യസങ്ങളുണ്ടാവും.