X

career chandrika: മര്‍ച്ചന്റ് നേവിയിലെ കോഴ്‌സുകളൊരുക്കി ഐഎംയു

പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടല്‍ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയില്‍ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം വ്യാപാര മൂല്യത്തിന്റെ 65 ശതമാനവും കടല്‍ ഗതാഗതം ഉപയോഗപ്പെടുത്തിയാണ് നടക്കുന്നത് എന്നത് ഈ മേഖലയിലെ കരിയര്‍ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്യാപ്റ്റന്‍, എന്‍ജിനീയര്‍, ലോജിസ്റ്റിക് മാനേജര്‍, കപ്പല്‍ നിര്‍മാതാവ്, ഡിസൈനര്‍, പോര്‍ട്ട് മാനേജര്‍ തുടങ്ങിയ പടവുകളില്‍ ആഗോള തലത്തിലുള്ള കമ്പനികളിലടക്കം ജോലി ലഭിക്കാനുള്ള സാധ്യതകളാണ് മാരിടൈം കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ കൈവരുന്നത്.

സമുദ്ര സംബന്ധമായ മേഖലയില്‍ പരിശീലനവും വൈഭവമുള്ള മനുഷ്യവിഭവശേഷിയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കേന്ദ്ര സര്‍വകലാശാലയാണ് ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല (ഐ.എം.യു). ചെന്നൈ, കൊച്ചി, കൊല്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോര്‍ട്ട് എന്നീ ക്യാംപസുകളിലായി ഐ.എം.യു നടത്തുന്ന താഴെക്കൊടുത്ത കോഴ്‌സുകളിലേക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് കീഴിലുള്ള കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങിലെ ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് പ്രോഗ്രാമിന് പ്രവേശനത്തിന് അപേക്ഷിച്ചവരും ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ വഴി യോഗ്യത നേടണം

ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് (ചെന്നൈ, കൊല്‍ക്കത്ത, മുബൈ പോര്‍ട്ട് ക്യാമ്പസുകള്‍4 വര്‍ഷം)
ബി.ടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ് (വിശാഖപട്ടണം ക്യാമ്പസ് 4 വര്‍ഷം)
ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് (ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകള്‍ 3 വര്‍ഷം)
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍ഡ് (ചെന്നൈ, നവി മുംബൈ ക്യാമ്പസ് 1 വര്‍ഷം)
ബിബിഎ ലോജിസ്റ്റിക് ആന്‍ഡ് റീടൈലിങ് & ഇ കൊമേഴ്‌സ് (ചെന്നൈ, കൊച്ചി ക്യാമ്പസ്3 വര്‍ഷം)
അപ്രെന്‍ഷിപ്പ് എംബെഡ്ഡ്ഡ് ബിബിഎ മാരിടൈം ലോജിസ്റ്റിക്‌സ്(വിശാഖപട്ടണം ക്യാമ്പസ് 3 വര്‍ഷം)
ബിബിഎ ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനം എന്‍ട്രന്‍സ് അടിസ്ഥാനത്തിലാണ്. ബിബിഎ കോഴ്‌സിന് പ്ലസ്ടുവിന് ഏതു വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പൂര്‍ത്തിയാക്കണം. ഇതിനു പുറമെ വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളും നിലവിലുണ്ട്. ബിബിഎ ഒഴികെയുള്ള കോഴ്‌സുകള്‍ റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതാണ്.

ഐഎംയു ക്യാമ്പസുകള്‍ക്ക് പുറമെ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 17 സ്ഥാപനങ്ങളിലും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അംഗീകരിച്ച മുപ്പതോളം മറ്റു മുകളില്‍ കൊടുത്ത കോഴ്‌സുകള്‍ നടത്തുന്നുണ്ട് (എല്ലാ കോഴ്‌സുകളും എല്ലായിടത്തുമില്ല). ജൂണ്‍ 10 നു നടക്കുന്ന ബിരുദ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് (ഐഎംയുസിഇടി) മേയ് 18 വരെ ഓണ്‍ലൈനായി www.imu.edu.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്‌ളീഷ്, അഭിരുചി, ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. അവസാന ഘട്ടത്തില്‍ ബാക്കി വരുന്ന സീറ്റുകളിലെ പ്രവേശനത്തിന് സിയുഇടിയുജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഐ.എം.യുവില്‍ അഫിലിയേറ്റ് ചെയ്തതും അല്ലാത്തതുമായ സ്ഥാപങ്ങളിലെ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് ലഭിച്ചതിന് ശേഷം അതത് സ്ഥാപനങ്ങളിലെ രീതി പിന്തുടരണം.

ഐഎംയു കൊച്ചി, ചെന്നൈ ക്യാപസുകളില്‍ നടത്തപ്പെടുന്ന ബിബിഎ കോഴ്‌സിന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെങ്കിലും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ഫീസടക്കണം. +2 മാര്‍ക്ക്/ സിയുഇടിയുജി റാങ്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സിയുഇടിയുജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഐഎംയുവില്‍ അഫിലിയേറ്റ് ചെയ്ത പാലക്കാടുള്ള കോളേജ് ഓഫ് ഷിപ് ടെക്‌നോളജിയില്‍ നടത്തപ്പെടുന്ന 3 വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്.സി ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ കോഴ്‌സിന്റെ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്ഥാപനം നേരിട്ടായിരിക്കും പ്രവേശനം നടത്തുന്നത്.

webdesk11: