X

CAREER CHANDRIKA: ആതിഥ്യത്തിന്റെ കല പഠിക്കാന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിക്കപ്പെട്ട സ്വയം ഭരണ സ്ഥാപനമായ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.റ്റി) നടത്തുന്ന, ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി.എസ്സി പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്റെയും, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ മേഖലയിലെയും ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള 75 സ്ഥാപനങ്ങളിലാണ് പ്രവേശനം. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ അംഗീകാരത്തോടെയാണ് ഈ കോഴ്‌സ് നടത്തുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, ഷിപ്പിങ് ആന്ഡ് ക്രൂയിസ് ലൈന്‍സ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍, വിമാനകമ്പനികള്‍, കിച്ചന്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ നേവി ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ടൂറിസം, റിസോര്‍ട്ട് എന്നിങ്ങനെ വിവിധ മേഖലകളില്‍ തൊഴിലവസരമുണ്ടാവും. ഫ്രണ്ട് ഓഫീസ്, ഹൗസ് കീപിംങ്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഭക്ഷണ നിര്‍മ്മാണം എന്നീ മേഖലകളിലൊന്നിലായിരിക്കും നിയമനം ലഭിക്കുക. ഭക്ഷണ നിര്‍മ്മാണ മേഖലകളിലാണെങ്കില്‍ തുടക്കകാലത്ത് വര്‍ദ്ധിത സമയത്തെ ജോലി, കുറഞ്ഞ അവധി ദിനങ്ങള്‍ എന്നിവ ബാധകമായിരിക്കുമെങ്കിലും പടിപടിയായി ഉയര്‍ന്നു പോകുമ്പോള്‍ മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാവും. ആശയവിനിമയ ശേഷി, പ്രശ്‌നപരിഹാര വൈഭവം, മികച്ച മനോഭാവം തുടങ്ങിയ പ്രകടിപ്പിക്കുന്നവര്‍ക്ക് ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ തിളങ്ങാനാവും. താല്‍പര്യമുള്ളവര്‍ക്ക് ഹോട്ടല്‍ വ്യവസായവുമായി ബന്ധമുള്ള കഫെ, റെസ്‌റ്റോറന്റ്, ഫുഡ് ഔട്ട്‌ലെറ്റ്, ഫുഡ് ട്രക്ക്, ഭക്ഷണ വിതരണം എന്നീ മേഖലകളില്‍ സംരഭകത്വത്തിനും ശ്രമിക്കാവുന്നതാണ്.

കേരളത്തില്‍, കേന്ദ്ര സര്‍ക്കാര്‍ വിഭാഗത്തില്‍, കോവളത്തുള്ള, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, കേരള സര്‍ക്കാര്‍ സംരംഭമായ കോഴിക്കോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവ ഈ പ്രവേശനത്തിന്റെ പരിധിയില്‍ വരും. മൂന്നാര്‍ കേറ്ററിംഗ് കോളേജ്, വയനാട് ലക്കിടി ഓറിയന്റല്‍ കോളേജ് എന്നിവ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളാണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ശേഷിയും അറിവും പകര്‍ന്ന് നല്‍കുന്ന വിധത്തിലാണ് മൂന്ന് വര്‍ഷത്തെ കരിക്കുലം ക്രമീകരിച്ചിട്ടുള്ളത്. അധികമായി ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ഓണേഴ്‌സ് ബിരുദവും ലഭിക്കും.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ദേശീയതലത്തില്‍ നടത്തുന്ന, എന്‍.സി.എച്ച്.എം.ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (NCHMJEE) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ആയി മേയ് 14 നു നടക്കും. ഇംഗ്ലീഷ് ഒരു വിഷയമായെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്കും 2023 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഏപ്രില്‍ 27 വരെ https://nchmjee.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പ്രായ പരിധിയില്ല. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, ബംഗളുരു, മംഗലാപുരം, ചെന്നൈ, മൈസൂര്‍ എന്നി വിടങ്ങില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. നാല് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. പട്ടിക വിഭാഗക്കാര്‍, ഒബിസി, ഇഡബ്‌ള്യുഎസ്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ സംവരണമുണ്ടാവും.

webdesk11: