പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. കൂടുതല്‍ പേര്‍ ഉപരിപഠന മേഖലയായി തിരഞ്ഞെടുക്കാറുള്ളത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ തുടര്‍ പഠനാവസരങ്ങളാണ്. ഓട്ടണോമസ് കോളേജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളുടെ പ്രവേശനത്തിന് അതത് സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികള്‍ വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്. ഇതിനായി കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവേശന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളജ് എന്നിവ സംബന്ധിച്ച ധാരണ കൃത്യമായി ഉണ്ടാവേണ്ടതുണ്ട്. കോഴ്‌സുകളെയും കോളേജുകളെയും മുന്‍ഗണനാടിസ്ഥാനത്തില്‍ പട്ടികയുണ്ടാക്കിവേണം അപേക്ഷ സമര്‍പ്പിക്കാന്‍. സ്വാശ്രയ കോളേജുകളിലെയും മറ്റു കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലെയും പഠന സാധ്യതകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താരതമ്യേന ഉയര്‍ന്ന ഫീസ് വരുമെന്നത് ഓര്‍ക്കണം. പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ റദ്ദാവുന്നതിനാല്‍ മുന്‍ഗണനാക്രമം വളരെ പ്രധാനമാണെന്നത് മറക്കരുത്.
ഒരേ കോഴ്‌സ് തന്നെ വിവിധ കോളജുകളില്‍ പഠിക്കാനാവസരമുണ്ടെങ്കിലും നിലവാരമുള്ള കോളജുകള്‍ കണ്ടെത്താനും മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. അവരുവരുടെ വീടിനടുത്ത സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുക എന്നതിന് പകരം വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി സ്വീകരിക്കുന്നത് ഉചിതമായിരിക്കും.
വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ പ്രവേശനത്തിനായി വെബ്‌സൈറ്റില്‍ കേന്ദ്രീകൃത അലോട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രോസ്‌പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കണം. എയിഡഡ്, സ്വാശ്രയ കോളജുകളിലെ സമുദായ, മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം യൂണിവേഴ്‌സിറ്റികളുടെ നിബന്ധനകള്‍ക്കനുസൃതമായി കോളജുകളിലെ പ്രത്യേകം അപേക്ഷിക്കണം. കേരള, എംജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയുള്ള ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം https://admissions. kerala universtiy.ac.in/, https://cap. mgu.ac.in/, https://admission. uoc.ac.in/, https://admission. kannuruniverstiy. ac.in/ എന്നീ വെബ്‌സൈറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഓട്ടണോമസില്‍ അപേക്ഷ വെവ്വേറെ
കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളില്‍ അഫിലിയേഷനുള്ള ഓട്ടണോമസ് കോളേജുകള്‍ അക്കാദമിക രംഗത്തും മറ്റു മേഖലകളിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ്. അക്കാദമിക സ്വയം ഭരണമുള്ളതുകൊണ്ടുതന്നെ കോഴ്‌സുകളിലെ പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ കൃത്യതയോടെയും സമയബന്ധിതമായും നടക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഓട്ടണോമസ് കോളജുകളില്‍ നടത്തപ്പെടുന്ന വിവിധ ബിരുദ, ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് സര്‍വകലാശാലകള്‍ക്ക് പകരം അതത് കോളജുകളില്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മിക്ക ഓട്ടണോമാസ് കോളജുകളിലെയും പ്രവേശന നടപടികള്‍ വളരെ നേരത്തെത്തന്നെ ആരംഭിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത ഓട്ടണോമസ് കോളജുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. അതത് കോളജുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കാലിക്കറ്റ് സര്‍വകലാശാല
ഫാറൂഖ് കോളജ് കോഴിക്കോട്
സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്
എം.ഇ.എസ് കോളജ് മമ്പാട്, മലപ്പുറം
െ്രെകസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് ജോസഫ്‌സ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് തോമസ് കോളജ്, തൃശൂര്‍
വിമല കോളേജ്, തൃശൂര്‍
മഹാത്മാഗാന്ധി സര്‍വകലാശാല
മഹാരാജാസ് കോളജ്, എറണാകുളം
സെന്റ് തെരേസാസ് കോളജ്, എറണാകുളം
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്
സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര, എറണാകുളം
സെന്റ് ആല്‍ബര്‍ട്ട് കോളജ്, എറണാകുളം
മാര്‍ അത്തനോഷ്യസ് കോളജ്, കോതമംഗലം
അസംഷന്‍ കോളജ്, ചങ്ങനാശേരി
സി.എം.എസ് കോളജ്, കോട്ടയം
എസ്.ബി കോളജ്, ചങ്ങനാശേരി
മരിയന്‍ കോളജ്, കുട്ടിക്കാനം
കേരള സര്‍വകലാശാല
ഫാതിമ മാതാ നാഷണല്‍ കോളജ്, കൊല്ലം
മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം