വിശാലമായ സാധ്യതകളിലേക്ക് വാതായനം തുറക്കുന്ന ആകര്‍ഷകമായ പഠനമേഖലയാണ് നിയമം. കോടതി കേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകളേറെയുണ്ടെങ്കിലും അതിനുമപ്പുറമുള്ള മേഖലകളിലേക്ക് കൂടി അവസരങ്ങളുടെ ചക്രവാളങ്ങള്‍ വികസിച്ചിട്ടുണ്ട്. നിയമ ബിരുദ യോഗ്യതയുള്ളവര്‍ക്ക് മത്സരപ്പരീക്ഷകളില്‍ മികവ് തെളിയിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടാനവസരമുണ്ട്. മറ്റു യോഗ്യതകള്‍ക്കനുസൃതമായി കീഴ്‌കോടതികളിലും മേല്‍ക്കോടതികളിലും ജഡ്ജ്, പബ്ലിക് പ്രോസിക്യൂട്ടര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ തുടങ്ങിയ പദവികളങ്കരിക്കാം. സേനകളിലെ ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍ ഒരു പ്രധാന സാധ്യതയാണ്. കമ്പനി സെക്രട്ടറി യോഗ്യത കൂടി നേടി കരിയറില്‍ തിളങ്ങുന്ന നിയമ ബിരുദധാരികള്‍ ഏറെയുണ്ടിപ്പോള്‍. സിവില്‍ സര്‍വീസ്, ബിരുദം യോഗ്യതയായുള്ള മറ്റു ജോലികള്‍ എന്നിവയും ആലോചിക്കാവുന്നതാണ്. ഉപരി യോഗ്യതകള്‍ നേടി അധ്യാപനവും തിരഞ്ഞെടുക്കാം.
കോംപ്ലക്‌സ് ലിറ്റിഗേഷന്‍, കോര്‍പ്പറേറ്റ്, ടാക്‌സ്, ബൗദ്ധിക സ്വത്തവകാശം, ബ്ലോക്‌ചെയിന്‍, പരിസ്ഥിതി, പബ്ലിക് ലോ, ഹെല്‍ത്ത് കെയര്‍ കംപ്ലെയ്ന്‍സ്, മൈനിങ്, ഡാറ്റാ ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി കംപ്ലയ്‌ന്‌സ്, ഫാമിലി ആന്‍ഡ് ജുവനൈല്‍, ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസല്യൂഷന്‍, ജി.ഐ.എസ്. & റിമോട്ട് സെന്‍സിങ്, ഏവിയേഷന്‍ & എയര്‍ ട്രാന്‍സ്‌പോര്‍ട്ട്, ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, മെര്‍ജര്‍ ആന്‍ഡ് അക്ക്വിസിഷന്‍, സ്‌പോര്‍ട്‌സ്, മാരിടൈം തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്ത മികവ് തെളിയിക്കുന്നവര്‍ക്ക് ആഗോള തലത്തിലടക്കം അവസങ്ങളേറെയുണ്ട്. ലീഗല്‍ ഓഫീസര്‍, ലോ ജേര്‍ണലിസം എന്നീ സാധ്യതകളുമുണ്ട്.
കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ 22 നിയമ സര്‍വകലാശാലകളിലെ നിയമ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള മത്സരപരീക്ഷയാണ് ക്ലാറ്റ്2023 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള പഞ്ചവര്‍ഷ എല്‍എല്‍.ബി പ്രവേശനത്തിന് നവംബര്‍ 13 വരെ https://consortiumofnlus.ac.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി ബിഎ.എല്‍എല്‍.ബി(ഓണേഴ്‌സ്), ബി.എസ്.സി.എല്‍എല്‍.ബി(ഓണേഴ്‌സ്), ബി.ബി.എ.എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.കോം.എല്‍എല്‍.ബി (ഓണേഴ്‌സ്), ബി.എസ്.ഡബ്‌ള്യു.എല്‍എല്‍.ബി(ഓണേഴ്‌സ്) എന്നീ കോഴ്‌സുകളുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്ല. ഒട്ടുമിക്ക കോഴ്‌സുകള്‍ക്കും പ്ലസ്ടുവിന് ഏത് സ്ട്രീം എടുത്തവര്‍ക്കും പ്രവേശനവസരമുണ്ട് എന്നത് പ്രത്യേകമോര്‍ക്കണം.
45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്കും (പട്ടിക വിഭാഗങ്ങള്‍ക്ക് 40 ശതമാനം) 2023 ല്‍ +2 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ഡിസംബര്‍ 18 നാണ് പരീക്ഷ നടക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം & ആനുകാലികം, ലീഗല്‍ റീസണിംഗ്, ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് ടെക്‌നിക് എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും.
4,000 രൂപയാണ് പരീക്ഷാ ഫീസ്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ കൂടി വേണമെങ്കില്‍ 500 രൂപ അധികമായി ഒടുക്കണം. ക്ലാറ്റ് പ്രവേശന പ്രക്രിയയയില്‍ പങ്കെടുക്കുന്ന സര്‍വ്വകലാശാലകളുടെ പ്രവേശനം, സംവരണ രീതികള്‍, ലഭ്യമായ കോഴ്‌സുകള്‍, ഫീസ് വിവരം എന്നിവ സംബന്ധിച്ച വിവരങ്ങളറിയാന്‍ https://consortiumofnlus.ac.in/ ലുള്ള സ്ഥാപനങ്ങളുടെ വെബ്‌സെറ്റുകള്‍ പരിശോധിക്കാം മാതൃകാ ചോദ്യങ്ങള്‍, മറ്റു പഠന സഹായികള്‍ എന്നിവ വെബ്‌സൈറ്റിലുണ്ടാവും. ക്ലാറ്റ്2023 യോഗ്യത നേടിയ ശേഷം ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം. 22 ദേശീയ നിയമ സര്‍വകലാശാലകള്‍ക്ക് പുറമെ ഐഐഎം റോത്തക്ക്, സേവിയര്‍ ലോ സ്‌കൂള്‍ ഭുവനേശ്വര്‍, ഏഷ്യന്‍ ലോ കോളേജ് നോയിഡ തുടങ്ങിയ വേറെയും സ്ഥാപനങ്ങളും അവരുടെ ചില കോഴ്‌സുകളിലെ പ്രവേശനത്തിന് ക്ലാറ്റ് പരീക്ഷാഫലം ഒരു മാനദണ്ഡമാക്കാറുണ്ട്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം, മൈസൂര്‍, ചെന്നൈ, ബംഗളുരു എന്നിവയടക്കം എണ്‍പതോളം പരീക്ഷ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം.
ബിരുദം യോഗ്യതയായുള്ളവര്‍ക്ക് ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സിന്റെ പ്രവേശനത്തിനുള്ള എന്ട്രന്‍സിനും (ക്ലാറ്റ്2023) മേല്‍ വെബ്‌സൈറ്റിലൂടെ ഇപ്പോഴപേക്ഷിക്കാനവസരമുണ്ട്.