X

career chandrika:മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിച്ചുയരാന്‍ ‘ക്യാറ്റ്’

ഇന്ത്യക്കകത്തും പുറത്തുമുള്ള കമ്പനികളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളത്തോടെ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റിലൂടെ തൊഴില്‍ നേടാന്‍ സാധ്യതയൊരുക്കുന്ന കോഴ്‌സുകള്‍ ഏതാണെന്ന ചോദ്യത്തിന് മിക്കവാറുമുണ്ടാകുന്ന ഉത്തരം ഐഐഎമ്മുകളിലെയും മറ്റു ബിസിനസ് സ്‌കൂളുകളിലെയും മാനേജ്‌മെന്റ് പ്രോഗ്രാം എന്നതായിരിക്കും. മികച്ച ഐഐഎമ്മുകളില്‍ നിന്ന് വിജയകരമായി മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ കമ്പനികളില്‍ ലീഡര്‍ഷിപ്പ് പദവികളിലടക്കം നിയമനം ലഭിക്കാനും സ്ഥാപനങ്ങളെ പുതിയ തലങ്ങളിലേക്ക് നയിക്കാനുമുള്ള അവസരമാണ് കൈവരുന്നത്.അഹമ്മദാബാദ്, ബെംഗളൂരു, കല്‍ക്കത്ത, കോഴിക്കോട്, ലക്‌നൗ, ഇന്‍ഡോര്‍, എന്നിവ ഐഐഎമ്മുകളുടെ കൂട്ടത്തിലുയര്‍ന്ന നിലവാരമുള്ളവയാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അടക്കമുള്ള പ്രധാന ബിസിനസ് സ്‌കൂളുകളിലെ പ്രവേശനത്തിന് മാനദണ്ഡമായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (CAT 2022) 50% മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് സെപ്തംബര്‍ 14 ന് 5 മണി വരെ www.iimcat.ac.in വഴി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നവംബര്‍ 27 നു മൂന്ന് സ്ലോട്ടുകളായി നടക്കും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, ഫെലോ ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ എന്നിവയിലേതെങ്കിലും യോഗ്യതകളുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതിയവര്‍ക്കുമപേക്ഷിക്കാനാവസരമുണ്ട്.

തിരുവന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ത്യശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, മംഗളൂരു, മൈസൂര്‍ എന്നിവയടക്കം 150 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 6 കേന്ദ്രങ്ങള്‍ വരെ തിരഞ്ഞെടുക്കാവുന്നതാണ്. പ്രായപരിധിയില്ല. 2300 രൂപയാണ് പരീക്ഷാ ഫീസ്. പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1150 രൂപ മതി.

വെര്‍ബല്‍ എബിലിറ്റി & റീഡിങ് കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റെര്‍പ്രെട്ടേഷന്‍ & ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ 3 സെക്ഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും നേരിട്ട് ഉത്തരം എഴുതേണ്ട നോണ്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുമുണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ശരിയുത്തരത്തിന് 3 മാര്‍ക്കും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാര്‍ക്കുമുണ്ടാവും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് അല്ലാത്ത ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കില്ല. ഓരോ വിഭാഗത്തിലും എത്ര ചോദ്യങ്ങളുണ്ടാവുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. മോക്ക് ടെസ്റ്റ് വെബ്‌സൈറ്റിലുണ്ടാവും.

കോഴിക്കോട് ഐഐഎമ്മിലെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം,പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ് ലീഡര്‍ഷിപ്പ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ ഫൈനാന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്‌മെന്റ്, പിഎച്ച്ഡി, കൊച്ചി ക്യാമ്പസിലെ എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് കാറ്റ് പരീക്ഷ മാനദണ്ഡമാണ്. സംവരണത്തിന് അര്‍ഹതയുള്ളവര്‍ ബാധകമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

അധ്യാപക പരിശീലനത്തിന് ഡി.എല്‍.എഡ്

കേരളത്തിലെ എല്‍.പി/യു.പി സ്‌കൂളുകളിലെ അധ്യാപകരാവാന്‍ വേണ്ട യോഗ്യതകളിലൊന്നായ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സിന് ഹയര്‍ സെക്കണ്ടറി യോഗ്യതയുള്ളവര്‍ക്ക് ആഗസ്ത് 16 വരെ അപേക്ഷിക്കാം. മുമ്പ് ടീച്ചേര്‍സ് ട്രെയ്‌നിങ് സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിലാണിത് അറിയപ്പെട്ടിരുന്നത്. സര്‍ക്കാര്‍/ എയ്ഡഡ് മേഖലയില്‍ 101ഉം സ്വാശ്രയ മേഖലയില്‍ നൂറും സ്ഥാപനങ്ങളാണുള്ളത്

സര്‍ക്കാര്‍/എയിഡഡ് സ്ഥാപനങ്ങള്‍ക്കും സ്വാശ്രയ സ്ഥാപനങ്ങളിലേക്കും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്. ഒരോ വിഭാഗത്തിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. www.education.kerala.gov.ശി എന്ന വെബ്‌സൈറ്റിലെ ലഭ്യമായ അപേക്ഷാഫോമില്‍ തിരഞ്ഞെടുക്കപ്പെടാന്‍ ഉദ്ദേശിക്കുന്ന റവന്യൂ ഉപജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അപേക്ഷിക്കേണ്ടത്.
സ്വാശ്രയ സ്ഥാപനങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റുകളും ബാക്കി മാനേജ്‌മെന്റുകളും സീറ്റുകളുമായിരിക്കും. സര്‍ക്കാര്‍/ എയിഡഡ് മേഖലയിലെ പ്രവേശനത്തിന് 5 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് അപേക്ഷയില്‍ ഒട്ടിച്ചിരിക്കണം. സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് ക്വാട്ടയിലേക്കുള്ള അപേക്ഷയോടൊപ്പം നൂറു രൂപയുടെ ഡിമാന്റ് ഡ്രാഫ്ട് ബന്ധപ്പെട്ട വിദ്യഭ്യാസ ഉപഡയറക്ടറുടെ പേരില്‍ ഉള്ളടക്കം ചെയ്യണം. മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിലെ മാനേജര്‍മാരുടെ പേരിലെടുത്ത 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്ട് സഹിതം മാനേജര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ മേല്‍ വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസിലുണ്ട്.

Test User: