X

career chandrika: എഞ്ചിനീയറിങ് സ്ഥാപനവും കോഴ്‌സും തിരഞ്ഞെടുക്കുന്നതിന് മുമ്പ്

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിലിസ്റ്റ് പുറത്തിറങ്ങാനും അനുബന്ധ നടപടികള്‍ക്കുമായുള്ള സമയം സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എഞ്ചിനീയയിറിങ് കോളജുകളും ബ്രാഞ്ചുകളും തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം വിദ്യാര്‍ഥികളില്‍ വളരെ സ്വാഭാവികമാണല്ലോ? കോളേജ്, ബ്രാഞ്ച് സെലക്ഷനുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെക്കാം.

സ്ഥാപനങ്ങള്‍ പ്രധാനം

തിരഞ്ഞെടുക്കുന്ന എഞ്ചിനീയറിങ് ബ്രാഞ്ച് ഏതായാലൂം മികച്ച സ്ഥാപനം തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഒരേ ബ്രാഞ്ച് തന്നെ മികച്ച സ്ഥാപനങ്ങളിലും മറ്റുള്ളയിടത്തും പഠിപ്പിക്കപ്പെടുന്നത് ഒരേ വിഷയങ്ങളാണെങ്കിലും നിലവാരത്തില്‍ നല്ല വ്യത്യാസങ്ങളുണ്ടാവും. ശ്രേഷ്ടമായ പഠന സൗകര്യങ്ങള്‍, യോഗ്യതയും അനുഭവസമ്പത്തുമുള്ള അധ്യാപകര്‍, മിടുക്കരായ കുട്ടികളുടെ സാന്നിധ്യം, വ്യാവസായിക മേഖലയുമായി ബന്ധപ്പെടാനുള്ള അവസരം, പ്ലെയ്‌സ്‌മെന്റ് സാധ്യതകള്‍, വിജയശതമാനം എന്നിവയൊക്കെ മികച്ച കോളേജുകളെ വ്യത്യസ്തമാക്കുന്നു.

സര്‍ക്കാര്‍, എയിഡഡ് മേഖലയിലെ കോളേജുകള്‍ സാമാന്യം നിലവാരം പുലര്‍ത്തുന്നതായി കാണാം. സ്വാശ്രയ മേഖലയിലും നിലവാരമുള്ള ചില സ്ഥാപനങ്ങളുണ്ട്. മുന്‍ വര്‍ഷങ്ങളിലെ വിജയനിരക്ക്, ഉന്നത റാങ്ക് നേടിയവര്‍ സാധാരണ തിരഞ്ഞെടുക്കാറുള്ള സ്ഥാപനങ്ങള്‍ എന്നിവക്ക് പരിഗണന നല്‍കാം. നാഷണ ല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷനുള്ള (എന്‍. ബി.എ) കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റിയാല്‍ നന്നായിരിക്കും. ഒരേ സ്ഥാപനത്തിലെ എല്ലാ കോഴ്‌സുകള്‍ക്കും എന്‍. ബി.എ അക്രെഡിറ്റേഷനുണ്ടാവണമെന്നില്ല എന്നത് ഓര്‍ക്കണം.

ബ്രാഞ്ചുകള്‍ ജാഗ്രതയോടെ തിരഞ്ഞെടുക്കാം

തീരുമാനമെടുക്കുന്നതിന് മുമ്പായി വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ബ്രാഞ്ചുകളിലും പഠിക്കാനുള്ള വിഷയങ്ങള്‍, പഠിച്ചു കഴിഞ്ഞാലുള്ള ഉപരിപഠന, തൊഴില്‍ സാധ്യതകള്‍ എന്നിവ മനസ്സിലാക്കണം. വിവിധ ശാഖകള്‍ തിരഞ്ഞെടുത്താല്‍ പഠിക്കാനുള്ള വിഷങ്ങളേതെല്ലാമാണെന്നറിയാന്‍ കേരള സാങ്കേതിക സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള സിലബസ് പരിശോധിക്കാം. അവരവര്‍ക്ക് സങ്കീര്‍ണത അനുഭവപ്പെടുന്നതും ഒട്ടും താല്പര്യമില്ലാത്തതുമായ വിഷയങ്ങള്‍ കൂടുതലുള്ള ബ്രാഞ്ചുകള്‍ ജാഗ്രതയോടെ മാത്രമേ തിരഞ്ഞെടുക്കാവൂ.

ഉദാഹരണമായി ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിന് കുട്ടികള്‍ക്കിടയില്‍ വലിയ പ്രിയം കാണുന്നുണ്ട്. ഐ.ടി അനുബന്ധ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മികച്ച തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ട് ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ച് എല്ലാവര്‍ക്കും അനുയോജ്യമായിരിക്കണമെന്നില്ല എന്നതോര്‍ക്കണം. അല്‍ഗോരിതം, പ്രോഗ്രാമിങ് എന്നിവയിലഭിരുചിയില്ലാത്തവര്‍ കേവലമായ ട്രെന്‍ഡ് മാത്രം നോക്കി കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ച് തിരഞ്ഞെടുത്താല്‍ പ്രയാസപ്പെടാനിടയുണ്ട്.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയെ പൊതുവായി കോര്‍ ബ്രാഞ്ചുകളെന്ന് പറയാം. പ്രത്യേക അഭിരുചി നിര്ണയിച്ചിട്ടില്ലെങ്കില്‍ നല്ല സ്ഥാപനങ്ങളില്‍ കോര്‍ ബ്രാഞ്ചുകള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന് പരിഗണിക്കാം. കൂടാതെ സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍, നോണ്‍ സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍ എന്നിങ്ങനെയുള്ള വിഭജനം കൂടി അറിയുന്നത് നല്ലതാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഐടി എന്നിവയെ സര്‍ക്യൂട്ട് ബ്രാഞ്ചുകളെന്ന് വിശേഷിപ്പിക്കാം. സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ആവശ്യമായ സ്‌കില്ലുകള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ സോഫ്റ്റ് വെയര്‍, അനുബന്ധ മേഖലകളില്‍ ജോലി ലഭിക്കാന്‍ താരതമ്യേന സാധ്യത കൂടുതലാണ്.

നൂറ്റി അമ്പത്തിനടുത്ത സ്ഥാപനങ്ങളിലായി നാല്പതോളം ബ്രാഞ്ചുകളിലാണ് കേരളത്തില്‍ എന്‍ജിനീയറിങ് പഠനാവസരമുള്ളത്. പ്രധാന ബ്രാഞ്ചുകള്‍ക്ക് പുറമെ ചുരുക്കം കോളേജുകളില്‍ മാത്രം പഠനാവസരമുള്ള ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, പോളിമര്‍ എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍ എന്‍ജിനീയറിങ്, ഇന്ഡസ്സ്ട്രിയല്‍ എന്‍ജിനീയറിങ്, ബ്ലോക്ക് ചെയിന്‍, പ്രിന്റിങ് ടെക്‌നോളജി എന്നിങ്ങനെയുള്ള ബ്രാഞ്ചുകളും നിലവിലുണ്ട്.പുതുകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്‌സ്, മെക്കാട്രോണിക്‌സ് എന്നിവയും പഠിക്കാന്‍ അവസരങ്ങളുണ്ടെങ്കിലും വളരെ ശ്രദ്ധയോടെ മാത്രമേ ബിരുദ തലത്തിലിവ തിരഞ്ഞെടുക്കാവൂ. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തില്‍ ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മികവുള്ള അധ്യാപകരും മറ്റു സൗകര്യങ്ങളും നിലവിലുണ്ടോ എന്നത് പരിശോധിക്കാതെ തീരുമാനങ്ങളെടുത്താല്‍ പിന്നീട് പ്രയാസപ്പെടാനിടയുണ്ട്. ഇത്തരം കോഴ്‌സുകളില്‍ ഏതിലെങ്കിലും പ്രത്യേകിച്ച് സ്‌പെഷ്യലൈസ് ചെയ്യാതെ പിന്നീട് ഇത്തരം സ്‌കില്ലുകള്‍ പഠിക്കാന്‍ അടിസ്ഥാനമൊരുക്കുന്ന പൊതുസ്വാഭാവമുള്ള പരമ്പരാഗത കോഴ്‌സുകള്‍ ബിരുദത്തിന് തിരഞ്ഞെടുക്കുന്നതും ആലോചിക്കാവുന്നതാണ്. അങ്ങനെ തെരെഞ്ഞെടുക്കുന്ന പക്ഷം ബിരുദ പഠനശേഷം കുറേക്കൂടി വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരങ്ങളുണ്ടാവും.

Test User: