X

Career Chandrika | മദ്രാസ് ഐ.ഐ.ടിയിലെ ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

പി ടി ഫിറോസ്‌

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം മാനവിക വിഷയങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രാധാന്യവും പ്രസക്തിയും ഏറെ ശ്രദ്ധേയമാണ്.മൂല്യങ്ങളുമായും മനുഷ്യ ജീവിതത്തിന്റെ സ്പന്ദനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനവിക വിഷയങ്ങളിലെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കും വലിയ കരിയര്‍ സാധ്യതകള്‍ നിലവിലുണ്ടെന്ന വസ്തുത ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കൂടുതലായി തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്. സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളും മാനവിക വിഷങ്ങള്‍ക്ക് കൂടി പഠനാവസരങ്ങള്‍ തുറന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായ ഒരു പ്രോഗ്രാമാണ് പ്രോഗ്രാമാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സ്.

ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളിലായുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ കോഴ്‌സിന്റെ പ്രവേശന പരീക്ഷക്ക് (HSEE 2022) 2021ല്‍ പ്ലസ്ടു വിജയിച്ചവര്‍ക്കും 2022ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും പ്രവേശനം നേടാമെന്ന പ്രത്യേകതയുണ്ട്. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് +2 പരീക്ഷക്ക് 60 ശതമാനം മാര്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കുമാണ് വേണ്ടത്. 1997 ഒക്ടോബര്‍ 1 നു ശേഷം ജനിച്ചവരായിരിക്കണം (പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷം ഇളവ് ലഭിക്കും).

ഓരോ സ്ട്രീമിലും 29 സീറ്റു വീതം മൊത്തം 58 സീറ്റുകളാണ് ഉള്ളത്. തുടക്കത്തിലെ രണ്ട് വര്‍ഷം പൊതുവായ പഠനമായിരിക്കും. ആദ്യ മൂന്ന് സെമസ്റ്ററുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരവും താല്പര്യവും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും സ്ട്രീമുകളിലേക്ക് പ്രവേശനം നിശ്ചയിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, സാഹിത്യം, തത്വശാസ്ത്രം, സംസ്‌കാരം, സമൂഹം. പബ്ലിക് പോളിസി എന്നീ മേഖലകളിലെ ആഴത്തിലുള്ള അറിവ് നേടാനാവും. ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരവുമുണ്ട്. പഠനത്തിന് ശേഷം സിവില്‍ സര്‍വീസ്, ഗവേഷണം, തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നത് പരിഗണിക്കാവുന്നതാണ്. പത്രപ്രവര്‍ത്തനം, ബാങ്കിങ്‌മേഖല, ഐക്യരാഷ്ട്രസഭ, യൂണിസെഫ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍, സര്‍ക്കാരേതര ഏജന്‍സികള്‍, മെക്കിന്‍സി പോലെയുള്ള അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലിക്കായി ശ്രമിക്കുകയും ആവാം.

ഏപ്രില്‍ 27 ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള അവസാന തീയതി. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു അടക്കം 16 കേന്ദ്രങ്ങളിലായി ജൂണ്‍ 12 നാണ് പരീക്ഷ നടക്കുന്നത്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ രണ്ട് സെന്ററുകള്‍ തിരഞ്ഞെടുക്കണം. അനുവദിക്കപ്പെട്ട സെന്റര്‍ മാറ്റി നല്‍കുന്നതല്ല. പൊതു വിഭാഗത്തിനു 2400 രൂപയും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1200 രൂപയുമാണ് പരീക്ഷാഫീസ്. പട്ടികവിഭാഗം, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലുള്ള ഒബിസി വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗം എന്നിവര്‍ക്ക് സംവരണമുണ്ട്. സംവരണ യോഗ്യത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മെയ് 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

3 മണിക്കൂര്‍ പരീക്ഷയില്‍ രണ്ട് ഭാഗങ്ങളാണുണ്ടാവുക. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒന്നാം ഭാഗത്തില്‍ ഒബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടാവുക. ഇത് കമ്പ്യൂട്ടര്‍ നിയന്ത്രിത പരീക്ഷ ആയിരിക്കും. ഇംഗ്ലീഷ്, അനാലിറ്റിക്കല്‍, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ടാവും.സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. പാര്‍ട്ട് 1 പരീക്ഷ പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന ഉത്തരപ്പേപ്പറില്‍ ആയിരിക്കും പാര്‍ട്ട് 2 വിന്റെ ഭാഗമായുള്ള ഉപന്യാസം എഴുതേണ്ടത്. പൊതുവിജ്ഞാനവും ആനുകാലികങ്ങളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ഉപന്യാസത്തിനുണ്ടാവുക.
പ്രവേശന പരീക്ഷയുടെയും മറ്റു നടപടിക്രമങ്ങളുടെയും വിശദ വിവരങ്ങളറിയുവാന്‍ വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും hss.iitm.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Test User: