X

career chandrika: ശാസ്ത്രം പഠിച്ചുയരാന്‍ ഐഎസിഎസില്‍ പ്രവേശനം നേടാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്. പ്ലസ്ടു സയന്‍സ് വിഷയങ്ങളെടുത്ത് പഠിച്ചവര്‍ക്ക് ഈ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിനു ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ശാസ്ത്ര പഠന മേഖലയില്‍ നിലാവാരമുള്ള പഠന, ഗവേഷണ പരിശീലനത്തിന് അവസരമൊരുക്കുന്ന ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ ആധുനിക ഗവേഷണ മേഖലകളുമായി ഇടപെടാനാവസരം ലഭിക്കും.

അപ്ലൈഡ് & ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മെറ്റീരിയല്‍സ് സയന്‍സസ്, മാത്തമാറ്റിക്കല്‍ & കമ്പ്യൂട്ടേഷണല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിങ്ങനെ വിവിധ സ്‌കൂളുകളാണ് ഐഎസിഎസ്‌ന്റെ ഭാഗമായുള്ളത്. ആദ്യ മൂന്ന് സെമസ്റ്ററുകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‌സ്, ബയോളജി എന്നീ വിഷയങ്ങളിലെ അടിസ്ഥാന പാഠങ്ങളും നാലാം സെമസ്റ്റര്‍ മുതല്‍ സീറ്റു ലഭ്യതക്കും മറ്റു യോഗ്യതകള്‍ക്കുമനുസൃതമായി ഈ വിഷയങ്ങളിലേതെങ്കിലുമൊന്ന് മുഖ്യ വിഷയമായി തിരഞ്ഞെടുക്കാനുമവസരമുണ്ടാവും. ഏഴാം സെമസ്റ്റര്‍ മുതല്‍ ഗവേഷണത്തില്‍ പങ്കാളിത്തവുമുണ്ടാവും.
യുജി പ്രീ ഇന്റര്‍വ്യൂ സ്‌ക്രീനിങ്ങ് ടെസ്റ്റ് (യു.പി.എസ്.ടി) വഴി നടക്കുന്ന പ്രവേശനത്തിന് 2022ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്ക് ജൂണ്‍ 15 വരെ http://iacs.res.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂലായ് 9 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ 4 വിഷയങ്ങളില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും.

+2 വിന് 60% മാര്‍ക്ക് നേടുകയും പ്രവേശന പരീക്ഷയില്‍ മികവ് തെളിയിക്കുകയും ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവിലെ പ്രകടനം കൂടി പരിഗണിച്ച് അഡ്മിഷന്‍ നല്‍കും. കെവിപിവൈ ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നാലാം വര്‍ഷത്തിലെത്തിയാല്‍ പ്രതിമാസ സ്‌റ്റൈപ്പന്റുമുണ്ടാവും.

‘സിഫ്‌നെറ്റി’ലെ കോഴ്‌സുകള്‍ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം

‘സിഫ്‌നെറ്റ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് നടത്തുന്ന നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. മത്സ്യബന്ധന രീതികള്‍, നോട്ടിക്കല്‍ സയന്‍സ്, മത്സ്യബന്ധന ബോട്ടുകളുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവയെക്കുറിച്ച ആഴത്തിലുള്ള അറിവ് പകരാന്‍ ഈ കോഴ്‌സ് സഹായകരമാവും.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്‌സ് മത്സ്യബന്ധന മേഖലയില്‍ വൈദഗ്ധ്യമുള്ള ആളുകളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരമുണ്ട് 45 സീറ്റുകളാണുള്ളത്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50 % മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഫലം കാത്തിരിക്കുന്നവര്‍ക്കുമപേക്ഷിക്കാം. ജൂലായ് രണ്ടിന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലടക്കം നടക്കുന്ന പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെയും മറ്റു അക്കാദമിക മികവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

മാത്തമാറ്റിക്‌സിലും സയന്‍സിലും 40% മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്‌സുകള്‍ക്കപേക്ഷിക്കാം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ എന്‍സിവിടി ക്രഫ്ട്മാന്‍ ട്രെയ്‌നിങ് സ്‌കീമിന്റെ ഭാഗമായാണ് നടത്തുന്നത്. സിഫ്‌നെറ്റ് കൊച്ചിക്ക് പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും ഈ കോഴ്‌സുകളുണ്ട്. പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ സ്‌റ്റൈപന്റോടെ പരിശീലനം ലഭിക്കും. യൂണിഫോമിനായി ഒറ്റത്തവണ അലവന്‍സായി 2,500 രൂപയും ലഭിക്കും. ജൂലായ് 16 നാണു പ്രവേശന പരീക്ഷ നടക്കുന്നത്.
എല്ലാ കോഴ്‌സുകളുടെയും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.cifnet.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഡയറക്ടര്‍, സിഫ്‌നറ്റ്, ഫൈന്‍ ആര്‍ട്‌സ് അവന്യു, കൊച്ചി, 682016 എന്ന വിലാസത്തില്‍ ജൂണ്‍ 20 നകം ലഭിക്കണം.

Chandrika Web: