‘കുറഞ്ഞ തുകക്ക് ട്രാഫിക് പിഴ അടക്കാമെന്ന
വാഗ്ദാനക്കാരെ കരുതിയിരിക്കുക’
ദുബൈ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ഗതാഗത പിഴകളടച്ച ഗള്‍ഫ്, അറബ്, ഏഷ്യന്‍ പൗരന്മാരെ അബുദാബി പൊലീസ് പിടികൂടി. കുറഞ്ഞ തുകക്ക് ട്രാഫിക് പിഴകള്‍ അടച്ചു തരാമെന്ന് വാഗ്ദാനം ചെയ്യുന്ന അനധികൃത മധ്യവര്‍ത്തികളെ കുറിച്ച് നേരത്തെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്താണ് മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകളിലൂടെ കുറ്റവാളികള്‍ ഇപ്രകാരം പിഴയടക്കുന്നതെന്നും യഥാര്‍ത്ഥ കാര്‍ഡുടമകള്‍ക്ക് വന്‍തുകയുടെ ബില്ലാണ് ഇതു മുഖേനയുണ്ടാകുന്നതെന്നും അബുദാബി പൊലീസ് സിഐഡി മേധാവി ബ്രിഗേഡിയര്‍ ജനറല്‍ താരിഖ് ഖല്‍ഫാന്‍ അല്‍ ഗൗല്‍ പറഞ്ഞു.
നിയമം അതിന്റെ വഴിക്ക് പോകും. ഈ കുറ്റകൃത്യത്തെ ആരെങ്കിലും സഹായിക്കുന്നുവെന്ന് കണ്ടെത്തിയാല്‍, നല്ല മന:സ്ഥിതിയോടെയാണെങ്കിലും അയാളെ ശിക്ഷക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് ട്രാഫിക് പിഴ അടക്കാന്‍ കുറ്റാരോപിതന്‍ നിയമ വിരുദ്ധ വഴിയാണ് സ്വീകരിച്ചതെങ്കില്‍ കണിശമായി നടപടിയെടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പൊലീസിന് അടുത്തിടെ ചില പരാതികള്‍ ലഭിച്ചിരുന്നു. അനധികൃത മാര്‍ഗേണ ഗതാഗത പിഴകള്‍ അടച്ചതിലുള്ള ചിലരുടെ പങ്കും അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടു. ഉപയോക്താക്കളെ വശീകരിച്ച് കുറഞ്ഞ പിഴത്തുകയാക്കി അടച്ചു തരാമെന്ന വാഗ്ദാനക്കാരെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാവണം. ഇത്തരം ദുഷ്പ്രവൃത്തികള്‍ സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ ജനങ്ങള്‍ പൊലീസുമായി സഹകരിക്കണം. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ എല്ലാവരും ജഗരൂകരാവണം. കാര്‍ഡുകള്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ അതേക്കുറിച്ച് പൊലീസിനെ അറിയിക്കണം. ബന്ധപ്പെട്ട സ്ഥാപനത്തെ അറിയിച്ച് കാര്‍ഡ് ബ്‌ളോക്ക് ചെയ്യുകയും വേണമെന്നും അദ്ദേഹം ഉണര്‍ത്തി.