ഡോ. രേണു പി കുറുപ്പ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍
ആസ്റ്റര്‍ മിംസ് കോഴിക്കോട്
കുഞ്ഞുങ്ങളുടെ ഹൃദയ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുണ്ടോ? അത് സ്വാഭാവികമായി ഭേദമാകുമോ? എന്ന സംശയം പൊതുവേ എല്ലാവരിലും ഉള്ളതാണ്.ചികിത്സയിലൂടെയല്ലാതെ കുഞ്ഞുങ്ങളിലെ ഹൃദ്രോഗം വളര്‍ച്ചയുടെ ഭാഗമായി മാറുന്നത് വളരെ ചുരുങ്ങിയ കേസുകളില്‍ മാത്രമാണ് സംഭവിക്കാറുള്ളത്. കുട്ടിയുടെ പ്രായം, ഹൃദയത്തിലെ അസുഖത്തിന്റെ സ്വഭാവം, ദ്വാരമാണെങ്കില്‍ അതിന്റെ വലുപ്പം, സംഭവിച്ചിരിക്കുന്ന സ്ഥാനം എന്നിവയെയെല്ലാം ആശ്രയിച്ച് മാത്രമേ ഇത് പറയാന്‍ സാധിക്കുകയുള്ളൂ.
ഹൃദയത്തിന്റെ മുകള്‍ അറയാണ് ഏട്രിയല്‍. ചില കുഞ്ഞുങ്ങളില്‍ ഈ അറയുടെ ഭിത്തിയില്‍ ചിലപ്പോള്‍ ദ്വാരം കാണപ്പെടാറുണ്ട്. ഈ അവസ്ഥയെ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട് (എ എസ് ഡി ) എന്ന് പറയുന്നു. ചിലരില്‍ എ എസ് ഡി തീരെ ചെറുതായി കാണപ്പെടും. 8 മില്ലിമീറ്ററില്‍ താഴെയാണ് ദ്വാരത്തിന്റെ വലുപ്പമെങ്കില്‍ 90 ശതമാനവും ഇത് സ്വാഭാവികമായി അടഞ്ഞ് പോകാറാണ് പതിവ്. എങ്കിലും കൃത്യമായ പരിശോധന തുടര്‍ന്നുകൊണ്ടേ ഇരിക്കണം.
നാല് വയസ്സിനടുത്ത് പ്രായമായിട്ടും ഈ ദ്വാരം അടഞ്ഞിട്ടില്ലെങ്കില്‍ ശസ്ത്രക്രിയ തന്നെയാണ് പ്രതിവിധി. എ എസ് ഡി ചെറുതാണെങ്കിലും അത് കുഞ്ഞിന് ഏതെങ്കിലും തരത്തിലുള് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലോ, ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ഡോക്ടര്‍ക്ക് മനസ്സിലാവുകയോ ചെയ്താലും ഇത് അടയ്ക്കേണ്ടതാണ്. കുഞ്ഞ് സ്‌കൂളില്‍ പോയി തുടങ്ങുന്ന സമയമാകുമ്പോഴേക്കും ശസ്ത്രക്രിയ ചെയ്ത് അസുഖത്തെ നിയന്ത്രണവിധേയമാക്കുന്നത് തന്നെയാണ് നല്ലത്.
ഹൃദയത്തിന്റെ കീഴ് ഭാഗത്തെ അറയാണ് വെന്‍ട്രികുലര്‍. ഇതിന്റെ ഭിത്തിയിലല്‍ ദ്വാരമുണ്ടാകുന്ന അവസ്ഥയെ വെന്‍ട്രികുലര്‍ സെപ്റ്റല്‍ ഡിഫക്ട (വി എസ് ഡി) എന്ന് പറയുന്നു. ദ്വാരം ചെറുതാണെങ്കില്‍ സ്വാഭാവികമായി അടയാനുള്ള സാധ്യതയുണ്ട് എന്നാല്‍ ഈ ദ്വാരം ന്യൂമോണിയ പോലുള്ള അസുഖങ്ങള്‍ക്കോ, അടുത്തുള്ള വാല്‍വിന്റെ ലീക്കിനോ, നെഞ്ചിലേക്ക് പോകുന്ന രക്തക്കുഴലില്‍ തടസ്സം സൃഷ്ടിക്കുവാനോ കാരണമാവുകയാണെങ്കില്‍ ചെറുതാണെങ്കില്‍ പോലും അടയ്ക്കേണ്ടതാണ്. വലിയ ദ്വാരമാണെങ്കില്‍ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകം തന്നെ ശസ്ത്രക്രിയ ചെയ്ത് ഈ അവസ്ഥ ഇല്ലാതാക്കണം.
പേറ്റന്റ് ഡക്ടസ് ആര്‍ടെറീയോസസ് എന്ന രക്തക്കുഴല്‍ അടയാതിരിക്കുന്ന അസുഖം ചില നവജാത ശിശുക്കളില്‍ കാണാറുണ്ട്. ശരീരത്തിന് മുഴുവന്‍ രക്തം എത്തിക്കുന്ന പ്രധാന ഹൃദയ ധമനിയായ അയോര്‍ട്ടയെയും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പള്‍മണറി ആര്‍ട്ടറിയെയും ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഡക്ടസ് ആര്‍ടെറീയോസസ്. ജനനത്തിന് ശേഷം അടയേണ്ടതാണെങ്കിലും ചിലരില്‍ ഇത് അടയാതിരിക്കും. ഈ അവസ്ഥയെ പേറ്റന്റ് ഡക്ടസ് ആര്‍ടെറിയോസസ് (പി ഡി എ) എന്ന് വിളിക്കുന്നു. ചെറിയതാണെങ്കിലും മാസം തികയാതെ പ്രസവിക്കുന്നവരിലും സ്വന്തമായടയുവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് അടയാതിരിക്കുകയോ, വലുപ്പം അധികമുള്ളതോ ആണെങ്കില്‍ ജനനശേഷം ആദ്യ മാസങ്ങളില്‍ തന്നെ ചികിത്സ നടത്തേണ്ടി വരും. ശസ്ത്രക്രിയയിലൂടെയോ കാലിലെ രക്തക്കുഴലിലൂടെയോ ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും. മാസം തികയാതെ പ്രസവിച്ചവരില്‍ ചിലപ്പോള്‍ മരുന്നുകൊണ്ട് അടയ്ക്കുവാനും സാധിക്കാറുണ്ട് (Medical Closure).