X

ക്രിക്കറ്റിലും കാര്‍ഡ് വരുന്നു

മുംബൈ: ഫുട്‌ബോളിനെ പോലെ ക്രിക്കറ്റിലും മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും പുറത്തെടുക്കാന്‍ അമ്പയര്‍മാര്‍ക്ക് അനുമതി നല്‍കുന്ന രീതിയില്‍ ക്രിക്കറ്റില്‍ കാലോചിത മാറ്റങ്ങള്‍ എന്ന നിര്‍ദേശവുമായി എം.സി.സി. കളത്തില്‍ കനത്ത അച്ചടക്ക ലംഘനം നടത്തുന്ന കളിക്കാരെ ഫീല്‍ഡില്‍ നിന്നും പറഞ്ഞു വിടാന്‍ അമ്പയര്‍ക്ക് അനുമതി നല്‍കല്‍, ക്രിക്കറ്റ് ബാറ്റിന്റെ വീതി,. അഗ്രം എന്നിവയുടെ കനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍, ഫീല്‍ഡര്‍മാരുടെ ഹെല്‍മറ്റില്‍ തട്ടിയുള്ള ക്യാച്ച് തുടങ്ങിയവയുടെ കാര്യത്തിലാണ് എം.സി.സി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത്.

 

അതേ സമയം പന്തില്‍ കൃത്രിമം കാണിക്കുന്നതിനെതിരെ നിലവിലുള്ള നിയമം തന്നെ പര്യാപ്തമാണെന്നാണ് എം.സി.സി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ അഭിപ്രായം. ശിപാര്‍ശകള്‍ അംഗീകരിക്കപ്പെട്ടാല്‍ അമ്പയറെ ഭീഷണിപ്പെടുത്തുക, എതിര്‍ കളിക്കാരനെ ശാരീരികമായി കൈകാര്യം ചെയ്യുക, കാണികളേയോ, അധികൃതരേയോ ശാരീരികമായി അക്രമിക്കുക തുടങ്ങി കളിക്കളത്തിലെ കടുത്ത അച്ചടക്ക നടപടികള്‍ക്കായിരിക്കും കളിക്കാരനെ പുറത്താക്കാന്‍ അമ്പയര്‍ക്ക് അനുമതി ലഭിക്കുക.

 

ശിപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ 2017 ഒക്ടോബര്‍ ഒന്നു മുതല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഇത് പ്രാപല്യത്തില്‍ വരും. ക്രിക്കറ്റ് ബാറ്റിന്റെ അഗ്രത്തിന്റെ വീതി പരമാവധി 40 എം.എം ആയും കനം പരമാവധി 67 എം.എം ആയും പരിമിധപ്പെടുത്തണമെന്നുമാണ് മറ്റു ശിപാര്‍ശ. നിലവില്‍ ഫീല്‍ഡര്‍മാരുടെ ഹെല്‍മറ്റില്‍ പന്ത് തട്ടിയാല്‍ പിന്നീട് ക്യാച്ച് എടുക്കുകയോ, സ്റ്റമ്പ് ചെയ്യുകയോ ചെയ്താല്‍ വിക്കറ്റ് അനുവദിക്കില്ല. എന്നാല്‍ ഇത് അനുവദിക്കണമെന്നാണ് എം.സി.സിയുടെ ശിപാര്‍ശ.

 

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രിയര്‍ലി, ജോണ്‍ സ്റ്റീഫന്‍സ്, മുന്‍ വിന്‍ഡീസ് താരം ജിമ്മി ആഡംസ്, മുന്‍ ഇംഗ്ലണ്ട് വനിതാ താരം ചാര്‍ലോട്ടി എഡ്വാര്‍ഡ്‌സ്, മുന്‍ ഇന്ത്യന്‍ ക്യ്ാപ്റ്റന്‍ സൗരവ് ഗാംഗുലി, മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷ്, ടിം മേ, റിക്കി പോണ്ടിങ്, ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, മുന്‍ പാക് ക്യാപ്റ്റന്‍ റമീസ് രാജ, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വിന്‍സ് വാന്‍ഡര്‍ ബിജി എന്നിവരാണ് എം.സി.സിയുടെ യോഗത്തില്‍ പങ്കെടുത്തത്.

chandrika: