എ.ടി.എം കാര്‍ഡ് വഴി ടോള്‍പ്ലാസയില്‍ 230 രൂപയുടെ ഇടപാട് നടത്തിയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 87000 രൂപ.
മുംബൈ സ്വദേശി ദര്‍ശന്‍ പാട്ടിലിന്റെ അക്കൗണ്ടില്‍ നിന്നാണ് തുക പിന്‍വലിഞ്ഞത്. മുംബൈ കാലാപൂര്‍ ടോള്‍ പ്ലാസയില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 230 രൂപയുടെ ഇടപാട് നടത്തി രണ്ട് മണിക്കൂറിനുള്ളിലാണ് ഇത്രയും ഭീമമായ തുക നഷ്ടമായത്.
എ.ടി.എം കാര്‍ഡ് ആര്‍ക്കും കൈമാറ്റം ചെയ്തിട്ടില്ലെന്നും പിന്‍ നമ്പര്‍ ആരുമായും പങ്കുവെച്ചിട്ടില്ലെന്നും പൂനെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ദര്‍ശന്‍ പാട്ടില്‍ പറഞ്ഞു.
230 രൂപയുടെ ഇടപാട് നടത്തിയതിന്റെ രസീതി തനിക്ക് ലഭിച്ചിരുന്നു. വൈകിട്ട് 6.27ന് നടത്തിയ ഈ ഇടപാടിന്റെ സന്ദേശം തന്റെ ഫോണില്‍ വരികയും ചെയ്തു. എന്നാല്‍ പിന്നാലെ 8.31ന് വീണ്ടും സന്ദേശം ലഭിച്ചു.
20,000 രൂപയുടെ പര്‍ച്ചേഴ്‌സ് നടത്തിയതായി സൂചിപ്പിക്കുന്നതായിരുന്നു സന്ദേശം. ഇത്തരത്തില്‍ തുടര്‍ച്ചയായി ആറു സന്ദേശങ്ങള്‍ ലഭിച്ചു. ഇടപാടുകള്‍ക്ക് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട് നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നില്ലെന്നും ദര്‍ശന്‍ പാട്ടില്‍ പറഞ്ഞു.
പണം നഷ്ടമായതിന്റെ സാധ്യതയെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിതേഷ് ഭാട്ടിയ പറയുന്നത് ഇങ്ങനെ:
‘എ.ടി.എം കാര്‍ഡ് ഇടപാട് നടത്തുമ്പോള്‍ മറ്റൊരാളുടെ കൈയില്‍ നമ്മള്‍ കൊടുക്കാറുണ്ട്. ബില്‍ വരുന്നതു വരെ കാര്‍ഡ് അവരുടെ കൈയിലായിരിക്കും. ഈ സമയം കാര്‍ഡിന്റെ ഫോട്ടോയെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ട്.
പിന്‍ നമ്പര്‍ വീക്ഷിക്കാന്‍ സംഘത്തിലെ മറ്റാരെങ്കിലും നിയോഗപ്പെട്ടിട്ടുമുണ്ടാകാം. കാര്‍ഡിന്റെയും പിന്‍ നമ്പറിന്റെയും വിവരങ്ങള്‍ കൈവശം ലഭിച്ചാല്‍ വ്യാജ ഇടപാടുകള്‍ നടത്താന്‍ ഒ.ടി.പി നമ്പറിന്റെ ആവശ്യമില്ല.