സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ 3 പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.
കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
സൊസൈറ്റി സെക്രട്ടറി രതീശന്‍ നടത്തിയ ബാങ്ക് ഇടപാട് പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും, മാനന്തവാടിയില്‍ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.