ന്യൂഡല്‍ഹി: രാജ്യത്ത് കാറുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഈ പ്രതിസന്ധിയിലകപ്പെട്ട് നിര്‍മാണശാലകള്‍ അടച്ചിടാനൊരുങ്ങുന്നു. മനോസറിലെയും ഗുഡ്ഗാവിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ 7, 9 എന്നീ ദിവസങ്ങളില്‍ അടച്ചിടാനാണ് മാരുതിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദിവസങ്ങളില്‍ പ്ലാന്റില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്‍പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കാര്‍ വിപണിയില്‍ വലിയ തകര്‍ച്ചയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ ഉണ്ടായത്. മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഓഗസ്റ്റില്‍ 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 106413 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 158189 യൂണിറ്റായിരുന്നു. കഴിഞ്ഞ രണ്ടുമാസവും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് മാരുതി നേരിട്ടത്.
മാരുതിയുടെ ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞു. അള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനത്തിന്റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രസ്തുത മോഡലുകളുടെ 35895 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ മാസം വെറും 10123 എണ്ണം മാത്രമാണ്. പുതിയ വാഗണ്‍ ആര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, സെലേരിയോ, ഡിസയര്‍, ബലേനോ തുടങ്ങിയ കോംപാക്ട് പതിപ്പുകളെല്ലാം കൂടി 54274 യൂനിറ്റുകള്‍ വിറ്റു. 2018 ഓഗസ്റ്റില്‍ ഈ വാഹനങ്ങളുടെ വില്‍പ്പന 71364 യൂനിറ്റുകളായിരുന്നു. 23.9 ശതമാനം ഇടിവ്. പ്രതിസന്ധികളെ തുടര്‍ന്ന് നേരത്തെ ഹ്യൂണ്ടായിയും ടൊയോട്ടയും പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു.