X
    Categories: MoreViews

മണലില്‍ കുടുങ്ങുന്ന കാറുകള്‍ക്ക് സംരക്ഷണം തീര്‍ത്ത് ഖത്തരി യുവാക്കള്‍

ദോഹ: രാജ്യത്ത് ശൈത്യകാലം വന്നെത്തിയതോടെ ക്യാമ്പിങ് സീസണിന് തുടക്കമാവുകയാണ്. ദൈനം ദിന ജോലിത്തിരക്കുകളില്‍ നിന്ന് ആശ്വാസം തേടി രാജ്യത്തിന്റെ വിവിധ ബീച്ചുകളിലും മറ്റ് മരുപ്രദേശങ്ങളിലും ശൈത്യകാലം ആസ്വദിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ഒരു കൂട്ടം ഖത്തരി യുവാക്കള്‍. മരുഭൂമിയിലും തീരങ്ങളിലുമെത്തുന്നവരുടെ വാഹനങ്ങള്‍ മണലില്‍ കുടങ്ങുകയാണെങ്കില്‍ സൗജന്യമായി ഈ സംഘം വാഹനം ഉയര്‍ത്തി നല്‍കുകയും തുടര്‍ യാത്രയ്ക്ക് സഹായിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ സംഘം 1000ത്തിലധികം വാഹനങ്ങളാണ് മണലിലില്‍ നിന്നും കുഴികളില്‍ നിന്നും കയറ്റി നല്‍കിയത്. തങ്ങളുട സേവനം എപ്പോള്‍ വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നും ദേശവും ഭാഷയും തരവും ഒന്നും നോക്കാതെയുളള മാനുഷിക സഹായമാണ് നല്‍കുന്നതെന്നും സംഘത്തിന് നേതൃത്വം നല്‍കുന്ന സഊദ് ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു.

രാജ്യത്തെ പ്രധാന ക്യാമ്പ് ഓപറേറ്റര്‍മാര്‍ക്കെല്ലാം തങ്ങള്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഇവരുടെ നമ്പര്‍ ലഭ്യമാണ്. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് കുടുങ്ങി ആരാലും സഹായിക്കാനില്ലാത്ത അവസരത്തിലാണെങ്കിലും വെറുമൊരു ഫോണ്‍ കോളിലൂടെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. ഈ സംഘം സ്ഥലത്ത് എത്തി വേണ്ടതെല്ലാം ചെയ്ത് നല്‍കിയ ശേഷമേ മടങ്ങുകയുള്ളൂ. ഖത്തരി സംഘത്തിന്റെ കൈയ്യില്‍ വണ്ടി ഉയര്‍ത്താനാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. തങ്ങളുടെ ജോലിയുടെയും കുടുംബകാര്യങ്ങളുടെയും ഉത്തരവാദിത്തത്തിന് പുറമെയാണ് ഈ സംഘം സമൂഹത്തിനായി പ്രവര്‍ത്തന നിരതരാവുന്നത്. സംഘത്തില്‍ പത്ത് പേരാണ് അംഗങ്ങളായുള്ളത്.
ചിലപ്പോള്‍ കുട്ടികളും കുടുംബവുമായി ഷോപ്പിങ് നടത്തുന്നതിനിടെയാണ് സഹായത്തിനായി വിളി വരുന്നതെന്നു ആ നിമിഷം മുരൂഭൂമിയിലെവിടെയായായും ഓടിയെത്താറുണ്ടെന്ന് സംഘത്തിലെ രണ്ടാമന്‍ സാലിഹ് പറഞ്ഞു. വാഹനത്തിനും അതില്‍ അകപ്പെട്ടവര്‍ക്കും എല്ലാ സഹായങ്ങളും തങ്ങള്‍ നല്‍കാറുണ്ട്. ക്യാമ്പ് സംഘാടകരും മറ്റും വളരെ ആദരവോടെയാണ് ഈ സംഘത്തെ കാണുന്നത്. സംഘത്തിന് ഇതുവരെ അവാര്‍ഡുകളൊന്നും കിട്ടിയില്ലെങ്കിലും അത്തരമൊരു അംഗീകാരത്തിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ പറയുന്നു. മരുഭൂമിയുടെ എല്ലാ ഭാഗങ്ങളും വ്യക്തമായി പരിചയമുളള ഈ സംഘം 1989 മുതല്‍ ഈ പ്രവൃര്‍ത്തി ചെയ്തുവരുന്നുണ്ട്. മണലില്‍ കുടുങ്ങുന്നവര്‍ വലിയ തോതില്‍ ചൂഷണത്തിന് ഇരയാവുന്നതായി അറിയാന്‍ കഴിഞ്ഞതോടെയാണ് പദ്ധതി തങ്ങള്‍ ആലോചിച്ചതെന്ന് സംഘാംഗമായ അബ്ദുല്ല പറഞ്ഞു.
വണ്ടി ഉയര്‍ത്താന്‍ എത്തുന്നവര്‍ 1000 റിയാല്‍ വരെ ഈടാക്കുന്നതായി പരാതിയുണ്ടായിരുന്നു. തങ്ങളുടെ പ്രവൃത്തിയെക്കുറിച്ച് കേട്ടറിഞ്ഞ ചില പ്രവാസികള്‍ സംഘത്തില്‍ ചേരാന്‍ തയാറാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നതായും സംഘത്തില്‍ ആരെ ഉള്‍പ്പെടുത്തുന്നതിലും സന്തോഷം മാത്രമേ ഉള്ളുവെന്നും സഊദ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്‌സ നല്‍കുന്നതിന് ഈ സംഘത്തിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇതിനുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

chandrika: