X

റിയാദിനടുത്ത് കാറപകടം; മരിച്ചവരുടെ ഖബറടക്കം സഊദിയില്‍

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇന്ന് രാവിലെ ജിദ്ദ റിയാദ് ഹൈവേയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരിച്ച രണ്ട് പേരുടെ മയ്യത്തുകള്‍ സഊദിയില്‍ തന്നെ മറവ് ചെയ്യും. അപകടം നടന്ന അല്‍ഖാസിറയിലോ അനുമതി കിട്ടുന്ന പക്ഷം മക്കയിലോ ഖബറടക്കുമെന്നാണ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും അറിയിച്ചത് . മൂന്ന് വയസുള്ള കുഞ്ഞ് ഉള്‍പ്പടെ രണ്ട് പേരായിരുന്നു ഇന്ന് (തിങ്കള്‍) രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാക്കിന്റെയും ഫാത്തിമ റുബിയുടെയും മകള്‍ ഫാത്തിമ സൈഷ (മൂന്ന് വയസ്സ്) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹിഷാം കോനാരി കൊടക്കാട്, മിന്‍ഷാ, ഫാത്തിമ റൂബി, മുഹമ്മദ് ഷാസ് എന്നിവരെ അല്‍ ഖാസിറ ജനറല്‍ ആശുപത്രിയിലും കാലിന് പരിക്കേറ്റ ഷിസ മറിയം എന്ന കുട്ടിയെ അല്‍ ഖുവയ്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ഈദിനോട് അനുബന്ധിച്ച് മക്കയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത രണ്ട് കുടുംബങ്ങളെയാണ് ദുരന്തം പിടികൂടിയത്. റിയാദില്‍ നിന്ന് 550 കിലോമീറ്ററും തായിഫില്‍ നിന്ന് 450 കിലോമീറ്ററും അകലെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച്ച രാവിലെ ഒമ്പതേമുക്കാലോടെ ജിദ്ദ റിയാദ് ഹൈവേയില്‍ അല്‍ഖസിറയില്‍ ഇവര്‍ സഞ്ചരിച്ച കിയ എസ് യു വി കാര്‍ നിയന്ത്രണം വിട്ടു പത്ത് അടി താഴ്ച്ചയുള്ള ഒരു കിടങ്ങിലേക്ക് മറിയുകയായിരുന്നു.

മക്കയില്‍ നിന്ന് വന്ന കൊടക്കാട് സ്വദേശി റാഫിയെയും കുടുംബത്തെയും ഉള്ളണം സ്വദേശി ഇസ്ഹാക്കിന്റെ കുടുംബത്തെയും സ്വീകരിക്കാന്‍ മറ്റൊരു വണ്ടിയില്‍ റിയാദില്‍ നിന്ന് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. പകുതി വഴിയില്‍ വെച്ച് റാഫിയുടെയും ഇസ്ഹാക്കിന്റെയും ഭാര്യയടക്കമുള്ളവര്‍ റിയാദില്‍ നിന്നെത്തിയ കിയ ജീപ്പിലേക്ക് മാറി കയറുകയായിരുന്നു. രണ്ട് വണ്ടിയിലായി റിയാദിലേക്ക് യാത്ര തുടരവെയാണ് റിയാദില്‍ നിന്നെത്തിയ കിയ കാറിന്റെ നിയന്ത്രണം നഷ്ടമായതും കിടങ്ങിലേക്ക് മറിഞ്ഞതും. അല്‍ഖാസിറ ജനറല്‍ ആശുപത്രിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് അപകടം നടന്നത്. ഇതുകൊണ്ട് തന്നെ പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിച്ചു.

സന്ദര്‍ശന വിസയിലുളള കുടുംബങ്ങളുടെ വിസ റിയാദില്‍ നിന്ന് പുതുക്കിയ ശേഷം റിയാദിലുളള കുടുംബാംഗങ്ങളെ കണ്ട് ദുബായ് വഴി നാട്ടിലേക്ക് തിരിക്കാനുള്ള യാത്രയാണ് ഇരു കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തിയ ദുരന്തമായി മാറിയത്. അടുത്ത ബന്ധുക്കളായ റാഫി മക്കയിലും ഇസഹാക്ക് ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്. അപകട സമയത്ത് ഇസ്ഹാഖ് കുടുംബത്തോടൊപ്പം ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടനെ ജിദ്ദയിലുള്ള ഇസ്ഹാഖ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട് . അവധി ദിനമായിട്ടും രേഖകളെല്ലാം പൂര്‍ത്തിയാക്കിയതായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍ അറിയിച്ചു. കുടുംബത്തിന്റെ അനുമതി കിട്ടിയാലുടന്‍ ഖബറടക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു . ഹമീദ് തിരുവള്ളൂര്‍ (തായിഫ് കെഎംസിസി), ജലീല്‍ റുവൈദ എന്നിവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

 

webdesk11: