X

കാറപകടം: ബാലഭാസ്‌ക്കറിന്റേയും ഭാര്യയുടേയും നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമായി തുടരുന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഏകമകള്‍ തേജസ്വിബാല മരിക്കുകയും ചെയ്തു. രണ്ടു വയസ്സായിരുന്നു പ്രായം.

ബാലഭാസ്‌ക്കറിന് നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിക്കും തലക്കും കൈകാലുകള്‍ക്കുമേറ്റ പരിക്കുകള്‍ക്ക് പുറമെ ആന്തരിക രക്തസ്രാവവുമുണ്ട്. ലക്ഷ്മിയുടെ കാലുകള്‍ക്ക് ഒടിവുണ്ട്. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ എന്ന യുവാവിന് തലക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം, കുഞ്ഞ് മരിച്ച വിവരം ഇരുവരേയും അറിയിച്ചിട്ടില്ല. സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുഞ്ഞിന്റെ മൃതദേഹം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സഹപാഠികളായിരുന്നു ബാലഭാസ്‌കറും ലക്ഷ്മിയും. 2000-ലായിരുന്നു ഇവരുടെ വിവാഹം. നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെയുമൊത്ത് തൃശൂര്‍ വടക്കുംന്നാഥ ക്ഷേത്രത്തില്‍ തൊഴുതുമടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാറിന്റെ മുന്‍ സീറ്റില്‍ ബാലഭാസ്‌ക്കറിന്റെ മടിയില്‍ ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വിബാല. അപകടം നടന്നയുടനെ തന്നെ സംഭവസ്ഥലത്തുവെച്ച് തേജസ്വി മരിക്കുകയായിരുന്നു.

അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ പൊളിച്ചയുടനെ കുഞ്ഞിനെ ആദ്യം കണ്ടെങ്കിലും ബോധമുണ്ടായിരുന്നില്ല. ഹൈവേ പൊലീസിന്റെ വാഹനത്തില്‍ തന്നെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

chandrika: