ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

webdesk13:
whatsapp
line