അലിഹൈദര്‍
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്‌ബോള്‍ ഒരു വികാരമായി കൊണ്ട് നടന്ന സത്യന്റെ ജീവിതം അതേപടി സക്രീനില്‍ പകര്‍ത്തി പ്രജേഷ് സെന്‍ ഞെട്ടിച്ചുകളഞ്ഞു. പ്രണയം, മത്സരം, വാശി, പോരാട്ടം, വികാരം, സ്‌നേഹം, സന്തോഷം തുടങ്ങി എല്ലാ ചേരുവകളും ഇള്‍കൊള്ളിച്ച മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്. കാല്‍പന്തുകളിയെ നെഞ്ചോടു ചേര്‍ത്ത സത്യന്‍ എന്ന പ്രതിഭയുടെ സംഭവ ബഹുലമായ ജീവിതം ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞു തീര്‍ക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് അതിമനോഹരമായി, വിജയകരമായി പ്രജേഷ് സെന്ന് ദൃശ്യവിഷ്‌ക്കരിച്ചു. പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ്‌സെന്‍ അഞ്ച് വര്‍ഷം കൊണ്ട് റിസര്‍ച്ച് നടത്തിയാണ് വി.പി. സത്യന്റെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
സത്യനായി അഭിനയിച്ച ജയസൂര്യ ഒരിക്കല്‍ കൂടി മികവ് തെളിയിച്ചു. മൂന്നു ഗെറ്റപ്പുകളിലായി സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍ ജയസൂര്യ മനോഹരമാക്കി. വിപി സത്യന് പോലീസ് ടീമിലെക്കുള്ള സെലക്ഷന്‍ ലഭിക്കുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതവും ഉദ്യേഗജനകവുമായ ജീവിതമാണ് ചിത്രം തുറന്നു കാണിക്കുന്നത്. കേരള പൊലീസിന്റെ ഫുട്‌ബോള്‍ ടീമിലേക്ക് നാട്ടിന്‍പുറത്തുകാരനായ വി പി സത്യന്‍ എത്തുന്നതും രാജ്യത്തിന്റെ നായകനായി വളരുന്നുതുമെല്ലാം ആ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. കാല്‍പന്ത് കളിയോടുള്ള സത്യന്റെ ഒടുങ്ങാത്ത അഭിനിവേശം ഒരോ രംഗങ്ങളിലും പ്രകടമാകുന്നുണ്ട്.
ഇന്ത്യയില്‍ ജനങ്ങളും ഭരണകൂടവും ക്രിക്കറ്റിനെ ആവോളം നെഞ്ചിലേറ്റുമ്പോളും ഫുട്‌ബോളിനോടുള്ള അവഗണനപലകുറിയായി ചിത്രം വരച്ചു കാട്ടുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായിട്ട് പോലും ആരും അറിയില്ലെന്ന ഭാര്യയുടെ തമാശയും സത്യനോട് പേനവാങ്ങി രവിശാസ്ത്രയോട് ഓട്ടോഗ്രാഫ് വാങ്ങുന്ന പെണ്‍കുട്ടികളുമെല്ലാം സത്യന്‍ നേരിട്ട അവഗണന തുറന്ന് കാട്ടുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച ഒരു കളിക്കാരന്റെ, ഒരു അച്ഛന്റെ, ഒരു ഭര്‍ത്താവിന്റെ കഥ ഭാവപകര്‍ച്ചകളില്ലാതെ ജയസൂര്യ മനോഹമാക്കി. പരിക്ക് സത്യനെ വിടാതെ പിന്തുടരുമ്പോഴും വേദന കടിച്ചമര്‍ത്തി അയാള്‍ കളിക്കളത്തിലിറങ്ങി ടീമിനെ നയിച്ചു വിജയയങ്ങള്‍ സമ്മാനിച്ചു. എല്ലാവരും കളിക്കരുതെന്നും വിശ്രമിക്കണമെന്നും പറയുമ്പോഴും എനിക്ക് കളിക്കണമെന്ന് അലറിക്കൊണ്ട് കളിക്കളത്തില്‍ ഇന്ദ്രജാലം തീര്‍ത്ത, തോല്‍വികളിലും വിഷാദങ്ങളിലും കളിയെ കൈവിടാതെ ഹൃദയത്തില്‍ കൊണ്ടുനടന്ന കളിക്കാരനുള്ള സമര്‍പ്പണം തന്നെയാണ് ‘ക്യാപറ്റന്‍’
വി പി സത്യന്റെ ഭാര്യ അനിതയുടെ വേഷത്തില്‍ എത്തിയ അനു സിത്താരയും ആ കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സത്യന് താങ്ങായി നില്‍ക്കുന്ന അനിത മികവാര്‍ന്ന അഭിനയമാണ് കാഴ്ച്ച വെക്കുന്നത്. ഫിറ്റല്ലെന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും പുറന്തള്ളപ്പെട്ടതിന് ശേഷം ഒറ്റപ്പെട്ട് സമനില തെറ്റിയവനെ പോലെ ജീവിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട് അനിത. വൈകാരികതയ്ക്ക് അത്രമേല്‍ പ്രാധാന്യമുള്ള ക്യാപ്റ്റന്റെ ജീവിതം തുടര്‍ച്ച നഷ്ടപ്പെടാതെ ഒരു വിങ്ങലായി പ്രേക്ഷകന്‍ അനുഭവിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. അത് കൊണ്ട് തന്നെ ഒരിറ്റ് കണ്ണുനനയാതെ ഈ ചിത്രം കണ്ടുതീര്‍ക്കാനാവില്ല.
സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധീഖ് വീണ്ടും അല്‍ഭുതപ്പെടുത്തി. സസ്പന്‍സായി കടന്നു വന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ചിത്രത്തിന് മാറ്റ്കൂട്ടി. ചിത്രവുമായി ഇഴചേരും വിധത്തില്‍ ഗോപി സുന്ദര്‍ സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണവും ബിജിത് ബാലയുടെ എഡിറ്റിംഗും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതായാലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഷ്ടവസന്തം, 2006 ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വെസ്‌റ്റേഷനില്‍വെച്ച് മരണം ചുവപ്പുകൊടി കാണിച്ച വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപറ്റന് ധൈര്യമായി ടിക്കറ്റെടുക്കാം.