രൂപീകൃത കാലം മുതല്‍ അസ്വസ്ഥവും കലുഷിതവുമാണ് പാകിസ്താന്റെ രാഷ്ട്രീയ മനസ്സ്. ഭരണപരമായി സ്വസ്ഥമെന്ന് അവകാശപ്പെടാവുന്ന ഒരു കാലം കടന്നുപോയിട്ടില്ല. ജനാധിപത്യ രാജ്യമെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളതെങ്കിലും സൈന്യത്തിനു മീതെ പറക്കാന്‍ ശ്രമിച്ച സര്‍ക്കാറുകളെല്ലാം ചിറകൊടിഞ്ഞു വീണ ചരിത്രമാണ് പാകിസ്താനുള്ളത്. പ്രത്യക്ഷമായും പരോക്ഷമായും പാക് സേന രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിക്കാറുണ്ട്. അവരുടെ അപ്രീതിക്കിരയായവരൊക്കെയും കണ്ണീരു കുടിച്ചിട്ടേ ഉള്ളൂ. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കളം വിടുന്നതിന് പിന്നില്‍ സൈന്യത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയാം.
പ്രധാനമന്ത്രിയെന്ന നിലയില്‍ ബാറ്റിങ് തുടങ്ങുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും മികച്ച പ്രകടനം കാഴ്ചവെക്കാനും ഇമ്രാന് സാധിച്ചില്ല. തട്ടിയും മുട്ടിയും കളി മുന്നോട്ടു കൊണ്ടുപോയെന്ന് മാത്രം. ഫോറുകളും സിക്‌സറുകളും പ്രതീക്ഷിച്ചവര്‍ക്ക് നിരാശ ബാക്കി. ഇമ്രാനെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്ന പ്രതിപക്ഷം ഗാലറിയിലെ അമര്‍ഷങ്ങള്‍ ആയുധമായി. അമ്പയറുടെ സ്ഥാനത്തുള്ള സൈന്യത്തിന് പ്രധാനമന്ത്രിയെ പുറത്താക്കി അനായാസം വിരലുയര്‍ത്താനും അധികം ആലോചിക്കേണ്ടിവന്നില്ല. ഒന്നോ രണ്ടോ റണ്ണെടുത്ത് ഇഴഞ്ഞുനീങ്ങിയ ഇമ്രാന്റെ പ്രകടനങ്ങളില്‍ സഹപ്രവര്‍ത്തകര്‍ക്കും അസഹ്യത തോന്നുക സ്വാഭാവികം. ക്രീസില്‍ തനിച്ചാക്കി കൂടെയുള്ളവര്‍ അപ്പുറത്തേക്ക് നീങ്ങുമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. അവിശ്വാസ പ്രമേയവുമായി എതിരാളികള്‍ പുതിയ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇമ്രാനെ ഏറെ അസ്വസ്ഥനാക്കിയതും കാലിനടിയിലെ മണ്ണുചോര്‍ച്ചയായിരുന്നു.
എതിര്‍പക്ഷത്ത് മുത്തഹിദ ഖൗമി മൂവ്‌മെന്റ്-പാകിസ്താന്‍ (എം.ക്യു.എം-പി) ബൗളിങ്ങിനെത്തിയതോടെ അദ്ദേഹം പരാജയം ഉറപ്പാക്കി. പ്രധാന സഖ്യകക്ഷിയായ അവരുടെ കൂറുമാറ്റം വലിയ ആഘാതമായി. തിരിച്ചടി മുന്നില്‍ കണ്ട് കളിക്കാന്‍ ഇമ്രാന്‍ ഖാനിലെ ക്യാപ്റ്റന്‍ ഉണര്‍ന്നു. ഇന്നിങ്‌സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കുറ്റി തെറിച്ച് തല താഴ്ത്തി പോകുന്നതിന് പകരം കളി തന്നെ അവസാനിപ്പിച്ച് മറ്റൊരു അവസരത്തിന് കളമൊരുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അവിശ്വാസ പ്രമേയം വോട്ടെടുപ്പിനിടാതെ പാര്‍ലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു. സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി പ്രധാനമന്ത്രിക്കെതിരെയുള്ള അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാത്തതിന് പിന്നില്‍ ഇമ്രാന്റെ ബുദ്ധി പ്രകടമാണ്. 90 ദിവസത്തിനകം പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. അതുവരെ കാവല്‍ പ്രധാനമന്ത്രിയായി ഭരണം നിയന്ത്രിക്കാന്‍ കിട്ടിയ അവസരം അദ്ദേഹം മുതലെടുക്കുമോ എന്നാണ് അറിയാനുള്ളത്.
പാകിസ്താന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇതുവരെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. പട്ടാള അട്ടിമറികളില്‍ പിഴുതെറിയപ്പെട്ടും മറ്റും പുറത്തുപോകുകയാണ് പതിവ്. അതു തന്നെയാണ് ഇമ്രാനെയും കാത്തിരുന്ന വിധി. ഒരു സുസ്ഥര ഭരണം രാജ്യത്തിന് സമ്മാനിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. വ്യക്തിപരമായ ദൗര്‍ബല്യങ്ങളും ദീര്‍ഘവീക്ഷണത്തിന്റെ അഭാവവും സ്വന്തം നില മറന്നുള്ള കളികളുമാണ് അടി തെറ്റിച്ചത്. അജയ്യനായ പാക് ക്രിക്കറ്റ് ക്യാപ്റ്റനെ പ്രധാനമന്ത്രിയില്‍ കാണാന്‍ സാധിച്ചില്ല.
പാകിസ്താനിലെ രാഷ്ട്രീയത്തില്‍ ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ വേര്‍പിരിയാതെ നില്‍ക്കുന്നുണ്ട്. പട്ടാള നേതൃത്വത്തിന്റെ ഇംഗിതത്തിന് തുള്ളുന്ന പാവയായി പാക് സുപ്രീംകോടതി മാറുന്ന കാഴ്ചകള്‍ പലവട്ടം രാജ്യത്തിന് കാണേണ്ടിവന്നു. സൈന്യത്തിന് ഒട്ടും താല്‍പര്യമില്ലാത്ത ഒരാളാണ് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. 2017ല്‍ പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ കുടുങ്ങി അയോഗ്യനാക്കപ്പെടുകയും 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത അദ്ദേഹം മെഡിക്കല്‍ ജാമ്യം വാങ്ങി ചികിത്സക്കായി ലണ്ടനിലേക്ക് പോയ ശേഷം ഇതുവരെ രാജ്യത്തേക്ക് മടങ്ങിയിട്ടില്ല. തിരിച്ചപോയാല്‍ ചിലപ്പോള്‍ ജീവന്‍ തന്നെ ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് അറിയാം. ബേനസീര്‍ ഭൂട്ടോയുടെ അനുഭവം പാക് രാഷ്ട്രീയക്കാര്‍ ഒരിക്കലും മറക്കില്ല. ശരീഫ് പുറത്തുപോയ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സൈനിക സഹായത്തോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തിയതെന്ന ആരോപണം ഇന്നും മാഞ്ഞുപോയിട്ടില്ല. പക്ഷെ, ഇപ്പോള്‍ സ്വന്തം ചിറകിനടിയില്‍നിന്ന് അദ്ദേഹത്തെ കൊത്തിയാട്ടുകയാണ് സൈന്യം ചെയ്യുന്നത്.
അമേരിക്കയുടെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള പടയൊരുക്കത്തിന് പിന്നിലെന്ന് ഇമ്രാന്‍ ആരോപിക്കുന്നു. പാകിസ്താനില്‍ ഇറങ്ങിക്കളിച്ച് ശീലമുള്ള അമേരിക്ക അദ്ദേഹത്തെ ശല്യക്കാരനായി കണ്ടുവെങ്കില്‍ അത്ഭുതതപ്പെടാനില്ല. രാജ്യത്ത് ആഭ്യന്തരവും വിദേശകാര്യവും പ്രതിരോധവും നിയന്ത്രിക്കാന്‍ മന്ത്രിമാരുണ്ടെങ്കിലും കൈകാര്യ കര്‍ത്താക്കള്‍ സൈന്യമാണ്. അവരെ മറികടന്ന് അമേരിക്കയെ വെറുപ്പിക്കാന്‍ നോക്കിയത് ഇമ്രാന്റെ അടിത്തറ ഇളക്കിയ പല കാരണങ്ങളില്‍ ഒന്നാണ്. ആണവ രാജ്യമായ പാകിസ്താനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഇന്ത്യയടക്കമുള്ള അയല്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. അവിടെയുണ്ടാകുന്ന ഏത് പൊട്ടലും ചീറ്റലും മേഖലക്കു കൂടി തലവേദനയാകുമെന്ന് തീര്‍ച്ച.