X
    Categories: Newsworld

കാപിറ്റോള്‍ ആക്രമണം; ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറക്കാന്‍ നീക്കം

വാഷിംഗ്ടണ്‍: ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി സൂചന. യുഎസ് മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡന്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.

യുഎസ് ഭരണഘടനയിലെ 25ാം വകുപ്പ് അനുസരിച്ച് വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും ചേര്‍ന്ന് പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ ഈ നടപടിക്ക് തുടക്കമിടാന്‍ വൈസ് പ്രസിഡന്‍് മൈക്ക് പെന്‍സിന്റെ പിന്തുണ വേണം എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ട്രംപിന്റെ വിശ്വസ്തനായ മൈക്ക് പെന്‍സ് അതിന് തയ്യാറാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഒരു കണ്‍ട്രോളുമില്ലാത്ത അവസ്ഥയിലാണ് ട്രംപെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉന്നത നേതാവ് പറഞ്ഞു. ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിന് നീക്കം ചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് മേലെ കനത്ത സമ്മര്‍ദ്ദമാണ് സഹപ്രവര്‍ത്തകര്‍ ചെലുത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം സംഭവത്തില്‍ പ്രതികരണവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. സംഭവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും വേദനാജനകമാണെന്നും ബൈഡന്‍ പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസുള്ള ജനങ്ങള്‍ വേണം. ഇച്ഛാശക്തിയുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യങ്ങള്‍ക്കുമല്ലാതെ ജനങ്ങളുടെ നന്‍മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണമത്-ബൈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്. ലോകനേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു.

ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. കലാപത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.

web desk 1: