ന്യൂഡല്‍ഹി: കീഴ്‌ക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതിന് ഏകീകൃത രൂപത്തിലാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ചു. നിലവില്‍ പല കോടതികളും പല രീതിയിലാണ് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധുലിയ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
ചില കോടതികള്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ദിവസം തന്നെ വധശിക്ഷ കൂടി വിധിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ വധശിക്ഷക്ക് താന്‍ അര്‍ഹനല്ലെന്ന് സ്ഥാപിക്കാന്‍ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിക്ക് അവസരം നല്‍കേണ്ടതുണ്ട്. എന്നാല്‍ ഒരേ ദിവസം വിധിയും ശിക്ഷയും പ്രഖ്യാപിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് വിചാരണക്കോടതി വിധി റദ്ദാക്കാനും കഴിയില്ല. ഇത്തരം വിഷയങ്ങളില്‍ ഏകൃകൃത സ്വഭാവം കീഴ്‌ക്കോടതികളില്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിഭാഗത്തിന് എത്ര സമയം സാവകാശം നല്‍കണം, വാദങ്ങള്‍ അവതരിപ്പിച്ചാല്‍ അത് പരിശോധിക്കുന്നതിന് കോടതിക്ക് എത്ര സമയം എടുക്കാം തുടങ്ങിയ കാര്യങ്ങളിലൊന്നും ഏകീകൃത സ്വഭാവമില്ല. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.