തൃശൂര്‍ കാപ് ഇന്ത്യ കണ്‍സ്ട്രക്ഷന്‍സ് എം.ഡിയും സംസ്ഥാനത്ത് സാമുദായിക, സാമൂഹികരംഗത്ത് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന കുരിയച്ചിറ ‘നിശാന്തി’ല്‍ താമസിക്കുന്ന കരുവന്നൂര്‍ സ്വദേശി കടുങ്ങാട്ടുപറമ്പില്‍ കെ.വി. മുഹമ്മദ് സക്കീര്‍ (77) നിര്യാതനായി. തൃശൂര്‍ ദയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.15നായിരുന്നു അന്ത്യം. ഭാര്യ: എടവനക്കാട് കിഴക്കേവീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകള്‍ ഖദീജ. മക്കള്‍: യാസിര്‍ സക്കീര്‍, ലാമിയ, നിബൂദ (അമേരിക്ക). സഹോദരന്മാര്‍: കെ.വി. യൂസുഫലി, അശ്‌റഫ് ഹുസൈന്‍, പരേതനായ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുവന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബിരുദത്തിന് ശേഷം കൊല്ലം ടി.കെ.എം എന്‍ജിനീയറിങ്ങ് കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദമെടുത്തു. മികച്ച ഫുട്ബാളറായിരുന്നു. ടി.കെ.എം കോളജ് ടീമില്‍ ഗോള്‍കീപ്പറായിരുന്നു.
എന്‍ജിനീയറിങ് ബിരുദാനന്തരം സൗദി അറേബ്യയിലെ ദമ്മാമില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിച്ചു.
പിന്നീട് നാട്ടിലെത്തി ബംഗളുരൂ ആസ്ഥാനമാക്കി കാപ് ഇന്ത്യ കണ്‍സ്ട്രക്ഷനും ടൈല്‍ ഫാക്ടറിയും ആരംഭിക്കുകയായിരുന്നു. തൃശൂര്‍, തുംകൂര്‍, മൈസൂര്‍, കോലാര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെ ടൈല്‍ ഫാക്ടറി ഡയറക്ടറും തൃശൂര്‍ സിറ്റി സെന്റര്‍ ഡയറക്ടറുമാണ്. തൃശൂര്‍ അക്വാറ്റിക് ക്ലബ് സ്ഥാപക ഡയറക്ടറാണ്. എറണാകുളം കേന്ദ്രമായ ഫോറം ഫോര്‍ ഫ്രറ്റേണിറ്റി സ്ഥാപക ചെയര്‍മാനാണ്. തൃശൂര്‍ റോട്ടറി ക്ലബ്, ജേസീസ് എന്നിവയുടെ ഭാരവാഹിയായിരുന്നു. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ഡയറക്ടറുമാണ്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍, തൃശൂര്‍ സകാത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, തൃശൂര്‍ ഹിറ മസ്ജിദുമായി ബന്ധപ്പെട്ട ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കരുവന്നൂര്‍ ദാറുസ്സലാം, തൃശൂര്‍ ചേറൂര്‍ എം.ഇ.എ എന്നിവയുടെ ചെയര്‍മാനാണ്. എം.ഇ.എസിന്റെ ആദ്യകാല പ്രവര്‍ത്തകനാണ്.
മജ്‌ലിസ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണല്‍ ചെയര്‍മാന്‍, വടകര ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ് വരന്തരപ്പിള്ളി ശാഖ ചെയര്‍മാന്‍, അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന അഡോപ്റ്റ് ചെയര്‍മാന്‍, ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.