X

റെയില്‍വെ കാന്റീനുകളില്‍ ഇനി രണ്ടു മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം പാകം ചെയ്യും; നടപടി പുതിയ കാറ്ററിങ് നയത്തെത്തുടര്‍ന്ന്

ന്യൂഡല്‍ഹി: പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് രാജ്യത്തെ റെയില്‍വെ കാന്റീനുകളില്‍ ഇനി രണ്ടു മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം പാകം ചെയ്യും. പുതിയ കാറ്ററിങ് നയമനുസരിച്ച് പുതിയ ഭക്ഷണം മാത്രം യാത്രക്കാര്‍ക്ക് വിതരണം ചെയ്യാനാണ് നീക്കം. റെയില്‍വെ കാന്റീനുകളിലെ ഭക്ഷണം സംബന്ധിച്ച് പരാതി വ്യാപകമായതോടെയാണ് പുതിയ നീക്കത്തിന് റെയില്‍വെ അധികൃതര്‍ തയാറെടുക്കുന്നത്. ദിവസേന 11 ലക്ഷം യാത്രക്കാര്‍ക്കാണ് റെയില്‍വെ കാന്റീനുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണം ഒരുക്കുന്നത്. എന്നാല്‍ ഇവയുടെ പാചകം വിവിധ ഘട്ടങ്ങളിലായി നടത്താനാണ് പുതിയ തീരുമാനം.

ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്നതിന് ഇത്തരമൊരു നടപടി സ്വീകരിച്ചേ മതിയാകൂവെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ കാന്റീന്‍ നടത്തിപ്പുക്കാര്‍ക്കും നിര്‍ദേശം നല്‍കിയതായി പ്രഭു അറിയിച്ചു. കാറ്ററിങ് സര്‍വീസുകളെക്കുറിച്ച് നിരന്തരമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കാറ്ററിങ് മേഖലയുടെ നിയമങ്ങള്‍ പുതുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ഇതനുസരിച്ച് റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബേസ് കിച്ചണുകള്‍ സ്ഥാപിക്കുമെന്ന് സുരേഷ് പ്രഭു പറഞ്ഞു. മാനുഷിക അധ്വാനം കുറച്ച് സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നതായിരിക്കും ബേസ് കിച്ചണുകളെന്നും അദ്ദേഹം പറഞ്ഞു.

chandrika: