ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നോക്കൗട്ട് കാണാതെ ബാര്‍സിലോണ പുറത്താവുമോ…? ഇന്നറിയാം ചോദ്യത്തിനുത്തരം. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ സാവിയുടെ സംഘം ഇന്ന് കളിക്കുന്നത് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയ ബയേണ്‍ മ്യൂണിച്ചിനെയാണ്. അതും മ്യുണിച്ചിലെ അലിയന്‍സ് അറീനയില്‍. ഗ്രൂപ്പില്‍ 15 പോയന്റുള്ള ബയേണിന് പിറകില്‍ ഏഴ് പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാര്‍സ. അഞ്ച് പോയന്റില്‍ ബെനഫിക്ക മൂന്നാമതുണ്ട്. അവരിന്ന് നാലമതുള്ള ഡൈനാമോ കീവിനെ നേരിടുന്നു. ബെനഫിക്ക ജയിക്കുകയും ബാര്‍സ തോല്‍ക്കുകയും ചെയ്താല്‍ ബയേണിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായി ബെനഫിക്ക നോക്കൗട്ടിലെത്തും. ഗ്രൂപ്പ് എഫില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പിറകെ രണ്ടാമത് ആരെത്തുമെന്നതും ഗ്രൂപ്പ് ജിയില്‍ നിന്ന് ആരെല്ലാം കടന്നു കയറുമെന്നതും (എല്ലാവര്‍ക്കും സാധ്യത ലിലേ-8, സാല്‍സ്ബര്‍ഗ്-7, സെവിയെ (6), വോള്‍വ്‌സ്ബര്‍ഗ് (5), ഗ്രൂപ്പ് എച്ചില്‍ ചെല്‍സിയാണോ, യുവന്തസാണോ (രണ്ട് പേര്‍ക്കും 12 ) ഒന്നാമന്മാര്‍ എന്നതും ഇന്നറിയാം. ഇന്നത്തെ മറ്റ് മല്‍സരങ്ങള്‍: യുവന്തസ്-മാല്‍മോ (11-15, സോണി ലിവ്, സോണി ടെന്‍-1), സെനിത്-ചെല്‍സി (11-15, സോണി ടെന്‍-2) അറ്റ്‌ലാന്റ-വില്ലാ റയല്‍ (1-30), മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-യംഗ് ബോയ്‌സ് (1-30, സോണി ടെന്‍-1), സാല്‍സ്ബര്‍ഗ്-സെവിയെ (1-30, സോണി ലിവ്) വോള്‍സ്ബര്‍ഗ്-ലിലേ (1-30, സോണി ടെന്‍-3)