ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറിലെത്തിയതോടെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് ഒമ്പതു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തല്‍.
റഷ്യയില്‍നിന്നുള്ള എണ്ണവാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില തുടര്‍ച്ചയായി മുകളിലേയ്ക്കു പോകാന്‍ കാരണം. 2014നുശേഷം ഇതാദ്യമായാണ് വിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 102 ഡോളറിന് മുകളിലെത്തി.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമയത്ത് ബാരലിന് ശരാശരി 81.5 ഡോളറായിരുന്നു വില. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുമ്പോള്‍ ഒരു ലിറ്ററിന് 5.7 രൂപ നഷ്ടമുണ്ടെന്നാണ് കണക്ക്. കമ്പനികളുടെ മാര്‍ജിനായ 2.5 രൂപ കണക്കാക്കാതെയാണിത്.
കമ്പനികളുടെ മാര്‍ജിന്‍ സാധാരണനിലയിലേയ്‌ക്കെത്തണമെങ്കില്‍ ചില്ലറ വിലയില്‍ ലിറ്ററിന് 9-10 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നവംബറിലാണ് രാജ്യത്ത് അവസാനമായി പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയത്. മാര്‍ച്ച് 7 നാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. 10 നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് പകുതിയോടെ പെട്രോളിന് 10 ശതമാനം വരെ വില വര്‍ധന ഉണ്ടാകുമെന്നാണ് പ്രവചനം.
മണ്ണെണ്ണ, സി.എന്‍.ജി തുടങ്ങി മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലും ആനുപാതിക വര്‍ധനയുണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളുടെ വിലയും കുതിച്ചുയരും. നിലവില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സ്റ്റീല്‍, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ വിലയും കൂടും.