2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പി വിട്ടു. നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു.
താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നേതാജിയുടെയും സഹോദരന്‍ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു പദ്ധതി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ബിജെപി അംഗമായി തുടരാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.
പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രകുമാര്‍ ബോസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.