X

എഴുന്നേറ്റിരിക്കാന്‍ പോലും കഴിയില്ല; 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, യൂത്ത് കോണ്‍ഗ്രസ് നേതാവ് മേഘ ഹൈക്കോടതിയില്‍

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരുക്കേറ്റ പാര്‍ട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ആലപ്പുഴ ഡിവൈഎസ്പിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മേഘയുടെ ഹര്‍ജിയില്‍ പറയുന്നത്. ഡിവൈഎസ്പി അമിതാധികാരം കാണിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് ക്രൂരമായി മര്‍ദിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും മര്‍ദനം തുടരുകയായിരുന്നു.
ഒരു തരത്തിലുമുള്ള പ്രകോപനവും മുന്നറിയിപ്പും നല്‍കാതെയായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചു. തല്ലരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും കേള്‍ക്കാതെ ലാത്തികൊണ്ട് തലക്കടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പൊലീസ് നടപടിയില്‍ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തില്‍ ഏറ്റ അടി തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇപ്പോഴും തനിയെ എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ അവസ്ഥ ഭേദമാവുക ചുരുക്കമാണെന്നും ഭേദമായാല്‍ തന്നെ ഏറെക്കാലം പിടിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

webdesk13: