X

ഇരട്ടനരബലിക്ക് ശേഷം നരഭോജനവും; ‘കൊന്ന സ്ത്രീകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു’

നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ആണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കി.

നരബലിയില്‍ ഞെട്ടി കേരളം

പെരുമ്പാവൂരില്‍ നിന്ന് കാണാതായ ലോട്ടറി കച്ചവടക്കാരിയായ സ്ത്രീയെക്കുറിച്ചുള്ള അന്വേഷണത്തില്‍ വെളിച്ചത്തു വന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ നരബലിയുടെ വിവരം. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് രണ്ടു മാസത്തെ ഇടവേളയില്‍ നടന്ന സമാന സ്വഭാവമുള്ള രണ്ട് കൊലപാതകങ്ങളുടെ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കാലടിയില്‍ താമസിച്ചിരുന്ന റോസ്‌ലിന്‍, കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മം എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സാമ്പത്തികാഭിവൃദ്ധി കൈവരാന്‍ നരബലി നടത്തണമെന്ന വ്യാജ സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നാണ് വിവരം. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ ദമ്പതികളായ ഭഗവല്‍ സിങ്, ഇയാളുടെ ഭാര്യ ലൈല, വ്യാജ സിദ്ധന്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി (റഷീദ്) എന്നിവര്‍ പിടിയിലായി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങളുടേയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. എളുപ്പത്തില്‍ അഴുകാനായി മൃതദേഹത്തിനു മുകളില്‍ ഉപ്പു വിതറിയിരുന്നതായും കണ്ടെത്തി.

കൊച്ചി നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സെപ്തംബര്‍ 26നാണ് കടവന്ത്ര സ്വദേശിയായ പത്മത്തെ കാണാതായത്. 27ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫിയാണ് പത്മത്തെ കൂട്ടിക്കൊണ്ടുപോയതെന്ന വിവരം ലഭിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിഞ്ഞത്.

ദമ്പതികളായ ഭഗവല്‍സിങിനും ലൈലക്കും വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതോടെ ഇത് സ്ഥിരീകരിക്കാനായി ദമ്പതികളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂവരും ചേര്‍ന്നാണ് പത്മത്തെ കൊലപ്പെടുത്തിയതെന്നും മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടതായും മൊഴി നല്‍കിയത്. മാത്രമല്ല, രണ്ടു മാസം മുമ്പ് സമാനമായ മറ്റൊരു നരബലി കൂടി നടത്തിയിരുന്നതായും പ്രതികള്‍ പൊലീസിനോടു സമ്മതിച്ചു. തുടര്‍ന്ന് പ്രതികള്‍ കാണിച്ചു കൊടുത്ത സ്ഥലങ്ങളില്‍ കുഴിയെടുത്ത് പരിശോധിച്ചതോടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. നാലിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി സാമ്പിളുകള്‍ ശേഖരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

Test User: