കളമശ്ശേരി പോളിടെക്‌നിക് മെന്‍സ് ഹോസറ്റലില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എസ്.എഫ്.ഐ നേതാവ്. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയാണ്.
അഭിരാജിനെയും ഒപ്പം പിടിയിലായ ഹരിപ്പാട് സ്വദേശി ആദിത്യനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തന്നെ കുടുക്കിയതാണെന്നും അഭിരാജ് പറയുന്നു.കഴിഞ്ഞ ദിവസം പൊലീസിന്റെ ഡാന്‍സാഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പൊലീസിന്റെ ആദ്യത്തെ എഫ്.ഐ.ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശിനെയാണ് (21) പ്രതി ചേര്‍ത്തിട്ടുള്ളത്. രണ്ടാമത്തെ എഫ്.ഐ.ആറില്‍ ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.
അതേസമയം റെയ്ഡിനായി എത്തിയ പൊലീസിനെ കണ്ടതോടെ ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.